ബാഴ്സലോണ: ലാ ലിഗ ഫുട്ബോൾ ജൂണിൽ പുനരാരംഭിക്കാൻ സാധ്യത. ഈ ആഴ്ച്ച തന്നെ പരിശീലനം തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കുന്നു.

ഇതുസംബന്ധിച്ച് സ്പെയ്നിലെ സ്പോർട്സ് ആന്റ് ഹെൽത്ത് അതോറിറ്റിയുമായി ചർച്ച നടത്തിയിട്ടുണ്ട്. താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ്-19 ടെസ്റ്റിന് വിധേയരാകുമെന്നും സംഘാടകർ പറയുന്നു. ചൊവ്വാഴ്ച്ച മുതൽ ടെസ്റ്റുകൾ ആരംഭിക്കും.

മാർച്ച് 12-ന് ശേഷം ലാ ലിഗയിൽ മത്സരങ്ങൾ നടന്നിട്ടില്ല. 11 റൗണ്ടുകളാണ് ബാക്കിയുള്ളത്. നിലവിൽ 27 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്. ഇത്രയും മത്സരങ്ങളിൽ 56 പോയിന്റുമായി റയൽ മാഡ്രിഡ് തൊട്ടുപിന്നിലുണ്ട്. 47 പോയിന്റുള്ള സെവിയ്യയാണ് മൂന്നാമത്.

സ്പെയിനിൽ കോവിഡ്-19 ബാധിച്ച് 25,428 പേരാണ് ഇതുവരെ മരിച്ചത്. 218000 പേർക്ക് രോഗം സ്ഥിരീകരിച്ചു. 121000 പേർ രോഗമുക്തരായി.

Content Highlights: La Liga prepares for resumption in June