മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരേ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. വലന്‍സിയയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചുകയറിയത്. അവസാന 30 മിനിറ്റുകല്‍ക്കുള്ളിലാണ് റയല്‍ വലന്‍സിയയുടെ വലയില്‍ മൂന്നു ഗോളികള്‍ അടിച്ചുകയറ്റിയത്. 

കരീം ബെന്‍സേമ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ദീര്‍ഘനാളത്തെ പരിക്ക് മാറി തിരിച്ചെത്തിയ മാര്‍ക്കോ അസെന്‍സിയോ ഒരു ഗോളും ഒരു അസിസ്റ്റുമായി കളംനിറഞ്ഞു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 61-ാം മിനിറ്റിലാണ് റയലിന്റെ ആദ്യ ഗോള്‍ വന്നത്. ഏദന്‍ ഹസാര്‍ഡിന്റെ പാസില്‍ നിന്നാണ് ബെന്‍സേമ സ്‌കോര്‍ ചെയ്തത്. പിന്നീട് 74-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങി ആദ്യ മിനിറ്റില്‍ തന്നെ അസെന്‍സിയോ സ്‌കോര്‍ ചെയ്തു. 86-ാം മിനിറ്റില്‍ അസെന്‍സിയോയുടെ പാസില്‍ നിന്ന് ബെന്‍സേമ റയലിന്റെ ഗോള്‍ പട്ടിക തികച്ചു. 

ഇതോടെ 29 മത്സരങ്ങളില്‍ നിന്ന് 62 പോയന്റുുമായി റയല്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായുള്ള അകലം രണ്ടു പോയന്റാക്കി കുറച്ചു. 

പരിക്ക് കാരണം ദീര്‍ഘനാളായി പുറത്തിരുന്ന അസെന്‍സിയോ ഈ സീസണില്‍ ആദ്യമായി പന്തു തട്ടിയത് ഈ മത്സരത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് താരത്തിന്റെ കാലിന് പരിക്കേല്‍ക്കുന്നത്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ അലാവസ് 2-0 ന് റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചു.

Content Highlights: La Liga Karim Benzema Marco Asensio scored strikes Real Madrid to win over Valencia