മാഡ്രിഡ്: അഞ്ചു താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചെങ്കിലും ലാ ലിഗ മത്സരങ്ങൾ മാറ്റിവെയ്ക്കില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ജാവിയർ ടെബാസ്. ജൂൺ 12-ന് തന്നെ മത്സരങ്ങൾ പുനരാരംഭിക്കുമെന്നും കരുതലോടെ മുന്നോട്ടുപോയാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ടെബാസ് വ്യക്തമാക്കി.

ലാ ലിഗ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലനം ഓരോ ക്ലബ്ബുകളും ആരംഭിച്ചിരുന്നു. ലയണൽ മെസ്സിയടക്കമുള്ള സൂപ്പർ താരങ്ങൾ ഇതിന്റെ ഭാഗമായി സ്പെയ്നിലെത്തുകയും ചെയ്തു. ഇവരുടെ പരിശീലനത്തിന്റെ ചിത്രങ്ങൾ ബാഴ്സലോണയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഈ പരിശീലനത്തിന് മുന്നോടിയായി താരങ്ങളെല്ലാം കൊറോണ ടെസ്റ്റിന് വിധേയരായിരുന്നു. പിന്നാലെ ഫസ്റ്റ് ആന്റ് സെക്കന്റ് ഡിവിഷൻ ക്ലബ്ബുകളിലെ അഞ്ചു താരങ്ങൾക്ക് കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തി. ഈ താരങ്ങൾ ക്വാറന്റെയ്നിൽ പോകുകയും ചെയ്തു. ഇനി അടുത്ത രണ്ടു ടെസ്റ്റുകളിൽ നെഗറ്റീവാണെങ്കിൽ മാത്രമേ ഈ താരങ്ങൾ പരിശീലനത്തിന് എത്തുകയുള്ളു.

ഇതോടൊപ്പം ലീഗിലെ 2500-ത്തോളം സ്റ്റാഫുകൾക്കും കൊറോണ ടെസ്റ്റ് നടത്തിയ ഇതിൽ മൂന്നു പേർക്ക് മാത്രമേ കൊറോണ പോസിറ്റീവ് ആയുള്ളൂവെന്നും ലാ ലിഗ അധികൃതർ വ്യക്തമാക്കുന്നു.

കോവിഡ്-19 സ്ഥിരീകരിച്ച അഞ്ചു താരങ്ങൾ ആരൊക്കെയാണെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ റയൽ ബെറ്റിസ് ഗോൾകീപ്പർ ജോയൽ റോബ്ലെസ് തനിക്ക് രോഗമുണ്ടെന്ന് പിന്നീട് വ്യക്തമാക്കി. അത്​ലറ്റിക്കോ മാഡ്രിഡ് പ്രതിരോധതാരം റെനൻ ലോധിയും രോഗം സ്ഥിരീകരിച്ചിവരിലുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: La Liga has 5 positive tests Covid19