മാഡ്രിഡ്: ലാ ലിഗ കിരീടപോരാട്ടം കടുപ്പിച്ച് ബാഴ്‌സലോണയ്ക്ക് സമനില. ദുര്‍ബ്ബലരായ ലാസ് പാല്‍മാസാണ് ബാഴ്‌സലോണയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പാണ് ബാഴ്‌സ സമനില വഴങ്ങിയത്. ഞായറാഴ്ച്ചയാണ് ബാഴ്‌സ-അത്‌ലറ്റിക്കോ പോരാട്ടം.

കളി തുടങ്ങി 21-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ലയണല്‍ മെസ്സി ബാഴ്‌സയെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ പാല്‍മാസ് തിരിച്ചടിച്ചു. 48-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജൊനാഥന്‍ കല്ലേറി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 

സമനില വഴങ്ങിയതോടെ രണ്ടാമതുള്ള അത്‌ലറ്റിക്കോയുമായുള്ള ബാഴ്‌സയുടെ പോയിന്റ് വ്യത്യാസം അഞ്ച് ആയി കുറഞ്ഞു. നിലവില്‍ ബാഴ്‌സക്ക് 66 പോയിന്റും അത്‌ലറ്റിക്കോയ്ക്ക് 61 പോയിന്റുമാണുള്ളത്. 
51 പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.