Photo: AFP
വലന്‍സിയ: ലാ ലിഗയില്‍ പരാജയമറിയാതെ കുതിച്ച് ബാഴ്സലോണ. തിങ്കളാഴ്ച ലെവാന്തെയ്ക്കെതിരായ മത്സരത്തില്‍ മൂന്ന് പെനാല്‍റ്റികള്‍ വഴങ്ങിയിട്ടും സാവിയും സംഘവും 3-2ന് ജയിച്ചുകയറി. ലാ ലിഗയില്‍ ടീമിന്റെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. കഴിഞ്ഞ 15 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ബാഴ്സയുടെ കുതിപ്പ്.
52-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ വരുന്നത്. സണ്ണിനെ ഡാനി ആല്‍വസ് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലൂയിസ് മൊറാലസ് വലയിലെത്തിക്കുകയായിരുന്നു.
രണ്ടു മിനിറ്റിനുള്ളില്‍ ബാഴ്സയ്ക്കെതിരേ വീണ്ടും പെനാല്‍റ്റി വിധിക്കപ്പെട്ടു. ബോക്സില്‍ വെച്ച് എറിക് ഗാര്‍സിയയുടെ കൈയില്‍ പന്ത് തട്ടിയതിനായിരുന്നു റഫറി ബാഴ്സയ്ക്കെതിരേ പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടിയത്. എന്നാല്‍ റോജര്‍ മാര്‍ട്ടി എടുക്ക കിക്ക് ബാഴ്സ ഗോളി ടെര്സ്റ്റേഗന് രക്ഷപ്പെടുത്തി.
ഇതിനു ശേഷം ബാഴ്സ പരിശീലകന് സാവി പെഡ്രിയേയും ഗാവിയേയും കളത്തിലിറക്കി. പിന്നാലെ ബാഴ്സയുടെ ആദ്യ ഗോളുമെത്തി. 59-ാം മിനിറ്റില്‍ ഒസുമാനെ ഡെംബെലെ നല്കിയ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ഔബമെയാങ്ങാണ് ബാഴ്സയ്ക്കായി സ്കോര്‍ ചെയ്തത്.
പിന്നാലെ 63-ാം മിനിറ്റില്‍ പെഡ്രി ബാഴ്സയുടെ ലീഡുയര്‍ത്തി. ഗാവി നല്കിയ പാസില്‍ നിന്നായിരുന്നു ഗോള്‍.
82-ാം മിനിറ്റില്‍ ഗോമസിനെ ലെങ്ഗ്ലെറ്റ് ബോക്സില്‍ വീഴ്ത്തിയതിന് ബാഴ്സയ്ക്കെതിരേ വീണ്ടും പെനാല്‍റ്റി. കിക്കെടുത്ത ഗോണ്‍സാലോ മെലെറോ 83-ാം മിനിറ്റില്‍ ലെവാന്തെയെ ഒപ്പമെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ സാവി ഔബമെയാങ്ങിനെ പിന്‍വലിച്ച് ലൂക്ക് ഡിയോങ്ങിനെ കളത്തിലിറക്കി. ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഈ മാറ്റം ഫലെ ചെയ്യുകയും ചെയ്തു. ജോര്‍ഡി ആല്‍ബ നല്കിയ ക്രോസ് വലയിലെത്തിച്ച് ഡിയോങ് ബാഴ്സയുടെ ജയം കുറിച്ചു. ലീഗില്‍ 30 കളികളില്‍ നിന്ന് 60 പോയന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഡിസംബറിന് ശേഷം തോല്‍വിയറിയാതെ കുതിക്കുകയാണ് സാവിയും സംഘവും.
Content Highlights: la liga fc barcelona beat levante 3-2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..