ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ന്യൂകാസില്‍ യുണൈറ്റഡിനെ തകര്‍ത്തപ്പോള്‍ ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് സമനില. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ആഴ്‌സണലിന്റെ വിജയം. രണ്ടാം പകുതിയിലായിരുന്നു ആഴ്‌സണലിന്റെ നാല് ഗോളുകളും.
54-ാം മിനിറ്റില്‍ ഒബമയാങ് ആഴ്‌സണലിന് ലീഡ് നല്‍കി. രണ്ട് മിനിറ്റിനുള്ളില്‍ നിക്കോളാസ് പെപ്പെയും സ്‌കോര്‍ ചെയ്തു. കൗമാര താരം സാക്കയുടെ പാസില്‍ നിന്നായിരുന്നു പെപ്പെയുടെ ഗോള്‍. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഓസില്‍ ആഴ്‌സണലിന്റെ മൂന്നാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ ലകസെറ്റിന്റെ വകയായിരുന്നു നാലാം ഗോള്‍.
വിജയിച്ചെങ്കിലും 34 പോയിന്റുമായി ആഴ്‌സണല്‍ പത്താം സ്ഥാനത്ത് തന്നെയാണ്. 31 പോയിന്റുമായി ന്യൂകാസില്‍ 11-ാം സ്ഥാനത്താണ്.
ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനെ സെല്‍റ്റ വിഗോയാണ് സമനിലയില്‍ തളച്ചത്. ഏഴാം മിനിറ്റില്‍ ഫ്യോദോര്‍ സ്‌മൊലോവിലൂടെ സെല്‍റ്റ വിഗോ ലീഡെടുത്തു. 52-ാം മിനിറ്റില്‍ ടോണി ക്രൂസ് റയലിനെ ഒപ്പമെത്തിച്ചു. 65-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റയലിന് ലീഡ് നല്‍കി. എന്നാല്‍ 85-ാം മിനിറ്റുവരെ ഇതിന് ആയുസുണ്ടായിരുന്നുള്ളു. സാന്റി മിന സെല്‍റ്റവിഗോയുടെ സമനിലഗോള്‍ നേടി.
മത്സരം സമനില ആയെങ്കിലും 24 മത്സരങ്ങളില്‍ 53 പോയിന്റുമായി റയല്‍ മാഡ്രിഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ രണ്ടാമതുള്ള ബാഴ്‌സലോണയുമായുള്ള അകലം ഒരു പോയിന്റായി കുറഞ്ഞു.
Content Highlights: La Liga EPL Real Madrid Arsenal Football