ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിടാനുള്ള സൂപ്പർ താരം ലയണൽ മെസ്സിയുടെ നീക്കം അത്ര എളുപ്പമാകില്ലെന്ന് റിപ്പോർട്ട്.

ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ 2021 വരെ നിലനിൽക്കുന്നതാണെന്നും ഇതിനിടെ ക്ലബ്ബ് വിടാൻ താരം തീരുമാനിച്ചാൽ കരാർ അനുസരിച്ചുള്ള 700 ദശലക്ഷം യൂറോയുടെ (ഏകദേശം 6150 കോടിയോളം രൂപ) റിലീസ് വ്യവസ്ഥ പാലിക്കണമെന്നും ലാ ലിഗ അറിയിച്ചു.

പ്രീ-സീസണിന്റെ ഭാഗമായി ബാഴ്സലോണ തിങ്കളാഴ്ച തീരുമാനിച്ച പരിശീലന സെഷനുമുമ്പ് ഞായറാഴ്ച താരങ്ങൾക്കെല്ലാം കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. മെസ്സി ഇതിൽ നിന്ന് വിട്ടുനിന്നിരുന്നു.

പുതിയ പരിശീലകനായ റൊണാൾഡ് കോമാന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ പരിശീലന സെഷനിൽ ടീം അംഗങ്ങൾക്കൊപ്പം പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് ക്ലബ്ബിന് ഒരു ബ്യൂറോഫാക്സ് അയക്കാനായിരുന്നു മെസ്സിയുടെ തീരുമാനം.

ഇതിനു പിന്നാലെയാണ് താരത്തിന്റെ ക്ലബ് മാറ്റം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സ്പാനിഷ് ഫുട്ബോൾ ഭരണസമിതിയായ ലാ ലിഗ രംഗത്തെത്തിയത്. അതേസമയം തന്നെ മെസ്സിയെ ക്ലബ്ബ് വിട്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ബാഴ്സലോണ.

2017-ൽ പുതുക്കിയ കരാർ പ്രകാരം മെസ്സിക്ക് ബാഴ്സയുമായി 2021 ജൂൺ വരെ കരാറുണ്ട്. എന്നാൽ ഒരു സീസണിന്റെ അവസാനം ക്ലബ്ബ് വിടാൻ മെസ്സിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാർ. ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് മെസ്സി ഇപ്പോൾ ക്ലബ്ബ് വിടാൻ താത്‌പര്യമറിയിച്ച് കത്തയച്ചിരിക്കുന്നത്.

പക്ഷേ ഇത്തരത്തിൽ മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം അതിനായി ജൂൺ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്നും ജൂൺ പത്തോടെ ഈ കരാർ വ്യവസ്ഥ അവസാനിച്ചെന്നുമാണ് ബാഴ്സയുടെ നിലപാട്. ഇതു പ്രകാരം 2021 ജൂൺ വരെയുള്ള കരാർ റദ്ദാക്കി മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നൽകേണ്ടി വരുമെന്നാണ് ക്ലബ്ബിന്റെ നിലപാട്.

അതിനാൽ തന്നെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും മുമ്പ് ഏതെങ്കിലും ക്ലബ്ബിന് മെസ്സിയെ സ്വന്തമാക്കണമെങ്കിൽ ഈ വലിയ തുക ബാഴ്സയ്ക്ക് നൽകേണ്ടതായി വരും. ക്ലബ്ബ് വിടണമെങ്കിൽ ജൂൺ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്ന ക്ലബ്ബിന്റെ നിലപാടിനെതിരേ മെസ്സിയുടെ മറുവാദവുമുണ്ട്.

കോവിഡ്-19 രോഗവ്യാപനം കാരണം സീസൺ നീട്ടിയതിനാൽ ജൂൺ 10 എന്ന തീയതി കണക്കാക്കാൻ സാധിക്കില്ലെന്നാണ് താരത്തിന്റെ നിയമോപദേശകരുടെ വാദം. ഈ ഓഗസ്റ്റിലാണ് സീസൺ അവസാനിച്ചതെന്നും നിയമോപദേശകർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: La Liga confirms Messi can only leave Barca if his 700m euro release clause is met