ബാഴ്‌സലോണ: ലാ ലിഗയില്‍ ഗെറ്റാഫെക്കെതിരേ വിജയലവുമായി ബാഴ്‌സലോണ കിരീടപ്പോരാട്ടം കടുപ്പിച്ചു. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. അന്റോയ്ന്‍ ഗ്രീസ്മാനും സെര്‍ജിയോ റോബോര്‍ട്ടോയും ബാഴ്‌സക്കായി ഗോള്‍ നേടിയപ്പോള്‍ ഏയ്ഞ്ചല്‍ റോഡ്രിഗസ് ആണ് ഗെറ്റാഫയ്ക്കായി സ്‌കോര്‍ ചെയ്തത്.

ആറു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ബാഴ്‌സയുടെ രണ്ടു ഗോളുകള്‍. 33-ാം മിനിറ്റില്‍ മെസ്സിയുടെ പാസ്സില്‍ നിന്ന് ഗ്രീസ്മാന്‍ ഗോള്‍ കണ്ടെത്തി. അവസാന അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴ് അസിസ്റ്റുകളാണ് മെസ്സിയുടെ പേരിലുള്ളത്. 39-ാം മിനിറ്റില്‍ സെര്‍ജിയോ റോബര്‍ട്ടോയിലൂടെ ബാഴ്‌സ ലീഡ് രണ്ടാക്കി. 

66-ാം മിനിറ്റില്‍ ഏയ്ഞ്ചലിലൂടെ ഒരു ഗോള്‍ മടക്കിയ ഗെറ്റാഫെ അവസാന മിനിറ്റുകളില്‍ ഗോളിനായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ബാഴ്‌സ പ്രതിരോധം പിടിച്ചുനിന്നു. 22-ാം മിനിറ്റില്‍ ബാഴ്‌സ താരം ജോര്‍ഡി ആല്‍ബ പരിക്കേറ്റ് പുറത്താകുന്നതിനും മത്സരം സാക്ഷിയായി.

ജയിച്ചെങ്കിലും 24 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റുള്ള ബാഴ്‌സ രണ്ടാം സ്ഥാനത്തുതന്നെയാണ്. ബാഴ്‌സയേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ച റയല്‍ മാഡ്രിഡിനും 52 പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ റയലാണ് മുന്നിലുള്ളത്. 

മറ്റു മത്സരങ്ങളില്‍ വിയ്യാറയല്‍ ലെവാന്റയേയും ഗ്രാനഡ വില്ലാഡോളിഡിനേയും തോല്‍പ്പിച്ചു. അലാവെസിനെതിരേ മല്ലോര്‍ക്കയും വിജയം നേടി.

Content Highlights: La Liga Barcelona vs Getafe Football