മാഡ്രിഡ്: ലാ ലീഗയില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍. മുന്‍നിര ടീമുകളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഇന്ന് കളത്തിലിറങ്ങും. വൈകുന്നേരം 6.30ന് റയല്‍ സൊസൈദാദിനെ റയല്‍ നേരിടുമ്പോള്‍ 9.45ന് അത്‌ലറ്റിക്കോയും റയോ വല്ലക്കാനോയും തമ്മിലുള്ള മത്സരം നടക്കും. രാത്രി 12നാണ് ബാഴ്‌സലോണ കളത്തിലറങ്ങുന്നത്. റയല്‍ ബെറ്റിസാണ് എതിരാളികള്‍. റയലും ബാഴ്‌സയും എവേ മത്സരം കളിക്കുമ്പോള്‍ അത്‌ലറ്റിക്കോ ഹോം ഗ്രൗണ്ടിലാണ് ഭാഗ്യപരീക്ഷണത്തിനിറങ്ങുക. 

ലീഗ് അവസാനിക്കാനിരിക്കെ കിരീടപ്പോരാട്ടത്തിനായി മത്സരം കടുക്കുകയാണ്. ബാഴ്‌സ-82, അത്‌ലറ്റിക്കോ-82, റയല്‍-81 എന്നിങ്ങനെയാണ് പോയിന്റ് നില.
തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയത് ബാഴ്‌സയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ബാഴ്‌സ 14 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഇതില്‍ എട്ട് ഗോളുകളും സുവാരസിന്റെ പേരിലായിരുന്നു

റയലും അത്‌ലറ്റിക്കോയും ചാമ്പ്യന്‍സ് ലീഗ് കൂടി ലക്ഷ്യമിടുമ്പോള്‍ ലാ ലീഗ നേടി നാണക്കേട് ഒഴിവാക്കാമനാകും ബാഴ്‌സ ശ്രമിക്കുക. അതുകൊണ്ടുതന്നെ ബാഴ്‌സയ്ക്ക് ലാ ലീഗ മാത്രം ശ്രദ്ധിച്ചാല്‍ മതി. റയല്‍ നിരയില്‍ പരിക്കേറ്റ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും കരീം ബെന്‍സിമയും ഇന്ന് കളിക്കില്ല. ഇത് ഗോള്‍ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരമായി സുവാരസിന് പ്രയോജനപ്പെടുത്താം.