മാഡ്രിഡ്: തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ സമനിലയില്‍ കുടുങ്ങിയ ശേഷം വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരേ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് കാറ്റാലന്‍ ക്ലബ്ബ് സ്വന്തമാക്കിയത്.

ഒരു ഇടവേളയ്ക്കു ശേഷം അന്റോയ്ന്‍ ഗ്രീസ്മാന്‍ ബാഴ്‌സയുടെ ആദ്യ ഇലവനില്‍ കളിച്ച മത്സരം കൂടിയായിരുന്നു ഇത്. ലൂയിസ് സുവാരസ്, ഗ്രീസ്മാന്‍, യുവതാരം അന്‍സു ഫാത്തി എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.

മൂന്നാം മിനിറ്റില്‍ വിയ്യാറയല്‍ താരം പൗ ടോറസിന്റെ സെല്‍ഫ് ഗോളില്‍ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. 14-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറീനോയിലൂടെ വിയ്യാറയല്‍ ഒപ്പമെത്തി. 20 മിനിറ്റില്‍ സുവാരസ് ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗ്രീസ്മാനും ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തു. 87-ാം മിനിറ്റില്‍ അന്‍സു ഫാത്തി അവരുടെ ഗോള്‍ പട്ടികയും തികച്ചു.

സുവാരസിന്റെയും ഗ്രീസ്മാന്റെയും ഗോളിന് വഴിയൊരുക്കി മെസ്സിയും മത്സരത്തില്‍ തിളങ്ങി. 

ജയത്തോടെ 34 മത്സരങ്ങളില്‍ നിന്ന് 73 പോയന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള അകലം നാലാക്കി കുറച്ചു. ലീഗില്‍ നാലു മത്സരങ്ങള്‍ മാത്രമാണ് ഇരുവര്‍ക്കും ഇനി ശേഷിക്കുന്നത്.

Content Highlights: La Liga Barcelona outclass  Villarreal to return to winning ways after last 2 draws