മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സെവിയ്യക്കെതിരേ ബാഴ്‌സലോണ സമനിലയില്‍ കുടുങ്ങിയതോടെ ലീഗില്‍  കിരീടപ്പോരാട്ടം കടുത്തു.

സെവിയ്യയുടെ മൈതാനത്ത് കഴിഞ്ഞ ദിവസം നടന്ന മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. സമനിലയോടെ 30 കളികളില്‍ നിന്ന് 65 പോയന്റുള്ള ബാഴ്‌സയുടെ ഒന്നാം സ്ഥാനം ഭീഷണിയിലായി. ഞായറാഴ്ച റയല്‍ സോസീഡാഡിനെതിരായ മത്സരത്തില്‍ ജയിക്കാനായാല്‍ റയല്‍ മാഡ്രിഡിനും 65 പോയന്റാകും. പരസ്പരം കളിച്ചപ്പോഴുള്ള ഗോള്‍ ശരാശരി വെച്ച് റയല്‍ ലീഗില്‍ ഒന്നാമതെത്തും. 

മെസ്സിയും അന്റോയ്ന്‍ ഗ്രീസ്മാനും പരിക്കിനെ തുടര്‍ന്ന് ദീര്‍ഘ നാളായി വിശ്രമത്തിലായിരുന്ന ലൂയിസ് സുവാരസുമെല്ലാം കളത്തിലിറങ്ങിയിട്ടും ബാഴ്‌സയ്ക്ക് സെവിയ്യ പ്രതിരോധം ഭേദിക്കാനായില്ല.

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സ്പാനിഷ് ലീഗ് പുനരാരംഭിച്ചപ്പോള്‍ നടന്ന ആദ്യ രണ്ടു മത്സരത്തിലും ബാഴ്‌സ ജയം സ്വന്തമാക്കിയിരുന്നു.

Content Highlights: La Liga Barcelona held draw against Sevilla, gives Madrid chance to pull level