മാഡ്രിഡ്: സാവി ഹെര്‍ണാണ്ടസ് പരിശീലകനായി എത്തിയ ശേഷം ആദ്യമായി തോല്‍വി വഴങ്ങി ബാഴ്‌സലോണ. റയല്‍ ബെറ്റിസാണ് ബാഴ്‌സയുടെ സ്വന്തം മൈതാനത്ത് അവരെ പരാജയപ്പെടുത്തിയത്. 

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. 79-ാം മിനിറ്റില്‍ ജുവാന്‍മിയാണ് ബെറ്റിസിന്റെ വിജയ ഗോള്‍ നേടിയത്.

മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ബെറ്റിസിന്റെ വിജയ ഗോള്‍. പന്തുമായി മുന്നേറിയ കനാലെസാണ് ഗോളിന് വഴിയൊരുക്കിയത്. തുടര്‍ന്ന് താരം അത് ടെല്ലോയ്ക്ക് പാസ് ചെയ്തു. പന്ത് ലഭിച്ച ടെല്ലോ അത് പോസ്റ്റിന്റെ വലത് ഭാഗത്ത് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ജുവാന്‍മിക്ക് മറിച്ചു. താരത്തിന്റെ ഷോട്ട് ടെര്‍സ്‌റ്റേഗനെ മറികടന്ന് വലയിലെത്തുകയായിരുന്നു. 

ജയത്തോടെ 16 കളികളില്‍ നിന്ന് 30 പോയന്റുമായി ബെറ്റിസ് മൂന്നാം സ്ഥാനത്തെത്തി. 23 പോയന്റ് മാത്രമുള്ള ബാഴ്‌സ ഏഴാം സ്ഥാനത്താണ്.

la liga, fc barcelona, real betis, real madrid, real sociedad

സോസിഡാഡിനെ വീഴ്ത്തി റയല്‍

ലാ ലിഗയില്‍ മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡിനെ തകര്‍ത്ത് കരുത്തരായ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ധിപ്പിച്ചു. 

സോസിഡാഡിനെതിരേ അവരുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. 

47-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെയാണ് റയല്‍ മുന്നിലെത്തുന്നത്. ലൂക്ക ജോവിച്ചിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 

പിന്നാലെ 57-ാം മിനിറ്റില്‍ ജോവിച്ച് തന്നെ റയലിന്റെ ലീഡുയര്‍ത്തി. കസെമിറോയുടെ പാസില്‍ നിന്നാണ് താരം സ്‌കോര്‍ ചെയ്തത്. 

അതേസമയം 17-ാം മിനിറ്റില്‍ പരിക്കേറ്റ കരീം ബെന്‍സേമ കളംവിട്ടത് റയലിന് തിരിച്ചടിയായി.

ജയത്തോടെ ഒന്നാം സ്ഥാനത്ത് റയലിന് 39 പോയന്റായി. രണ്ടാമതുള്ള സെവിയ്യയേക്കാള്‍ (31) എട്ടു പോയന്റിന്റെ ലീഡുണ്ട് റയലിന്.

Content Highlights: la liga barcelona disappointing defeat against real betis real madrid win over real sociedad