മഡ്രിഡ്: ലാ ലിഗയില്‍ കരുത്തരായ റയല്‍ മഡ്രിഡിനും അത്‌ലറ്റിക്കോ മഡ്രിഡിനും വിജയം. റയല്‍ സെവിയ്യയെ കീഴടക്കിയപ്പോള്‍ അത്‌ലറ്റിക്കോ കാഡിസിനെ തകര്‍ത്തു. 

റയലിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയര്‍ വിജയിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയല്‍ വിജയം സ്വന്തമാക്കിയത്. 12-ാം മിനിട്ടില്‍ റാഫ മിറിലൂടെ സെവിയ്യ ലീഡെടുത്തെങ്കിലും 32-ാം മിനിട്ടില്‍ സൂപ്പര്‍ താരം കരിം ബെന്‍സേമയിലൂടെ റയല്‍ സമനില നേടി. മത്സരം സമനിലയിലേക്ക് പോകുകയാണെന്ന് തോന്നിച്ചെങ്കിലും 87-ാം മിനിട്ടില്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെ വിനീഷ്യസ് ജൂനിയര്‍ റയലിന് വിജയം സമ്മാനിച്ചു. 

അത്‌ലറ്റിക്കോ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് കാഡിസിനെ തകര്‍ത്തത്. അത്‌ലറ്റിക്കോയ്ക്ക് വേണ്ടി തോമസ് ലെമാര്‍, ആന്റോയിന്‍ ഗ്രീസ്മാന്‍, ഏംഗല്‍ കോറിയ, മത്തേയൂസ് കൂന്യ എന്നിവര്‍ ലക്ഷ്യം കണ്ടു. ആന്തണി ലൊസാനൊയാണ് കാഡിസിന്റെ ആശ്വാസ ഗോള്‍ നേടിയത്. 

മറ്റ് മത്സരങ്ങളില്‍ എസ്പാന്യോള്‍ റയല്‍ സോസിഡാഡിനെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചപ്പോള്‍ റയല്‍ ബെറ്റിസ് ലെവാന്റയെ 3-1 ന് തകര്‍ത്തു. 

ലാ ലിഗ പോയന്റ് പട്ടികയില്‍ 14 മത്സരങ്ങളില്‍ നിന്ന് 33 പോയന്റുമായി റയല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 29 പോയന്റുള്ള അത്‌ലറ്റിക്കോ രണ്ടാമതാണ്. 15 മത്സരങ്ങളില്‍ നിന്ന് 29 പോയന്റുള്ള റയല്‍ സോസിഡാഡാണ് മൂന്നാമത്.  ബാഴ്‌സലോണ ഏഴാം സ്ഥാനത്താണ്. 

Content Highlights: la liga 2021-2022, real madrid, athletico madrid, barcelona