പാരിസ്: ഫ്രാൻസിന്റെ സൂപ്പർ താരം കയ്ലിയൻ എംബാപ്പെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരം യുവേഫ നേഷൻസ് ലീഗിൽനിന്ന് പിന്മാറി. കഴിഞ്ഞ ദിവസം യുവേഫ നടത്തിയ പരിശോധനയിലാണ് എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

എംബാപ്പെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും താരം ഐസൊലേഷനിലാണെന്നും ഫ്രഞ്ച് ഫുട്ബോൾ അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച്ച നടന്ന സ്വീഡനെതിരായ നേഷൻസ് ലീഗിലെ മത്സരത്തിൽ എംബാപ്പെയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്.

നേരത്തെ ഫ്രാൻസ് ടീമിൽ ഉണ്ടായിരുന്ന പോൾ പോഗ്ബയും കൊറോണ പോസിറ്റീവ് ആയിരുന്നു. തുടർന്ന് നേഷൻസ് കപ്പിനുള്ള ടീമിൽ നിന്ന് പോഗ്ബയെ ഒഴിവാക്കിയിരുന്നു.

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ താരം കൂടിയാണ് എംബാപ്പെ. നേരത്തെ നെയ്മർ ഉൾപ്പെടെ പി.എസ്.ജിയുടെ ആറു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബർ പത്തിനാണ് ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയുടെ ആദ്യ മത്സരം നടക്കുന്നത്. പ്രധാനപ്പെട്ട ഏഴു താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനാൽ മത്സരം മാറ്റിവെയ്ക്കാനാണ് സാധ്യത.

Content Highlights: Kylian Mbappe tests positive for corona virus to miss Nations League International