പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ വീണ്ടും പെനാല്‍റ്റി വിവാദം. ഇത്തവണ മാഴ്‌സെയ്‌ലേയ്‌ക്കെതിരായ മത്സരത്തില്‍ ഡി മരിയയും എംബാപ്പെയുമാണ് പെനാല്‍റ്റിക്കായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്തായിരുന്നു സംഭവം.

മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ ഡി മരിയ ഹാട്രിക് തികയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആ പെനാല്‍റ്റി ലഭിച്ചിരുന്നെങ്കില്‍ ഹാട്രിക് പൂര്‍ത്തിയാക്കാമെന്നായിരുന്നു ഡി മരിയ കരുതിയത്. ഇതിനായി പെനാല്‍റ്റി എടുക്കും മുമ്പ് അര്‍ജന്റീനാ താരം എംബാപ്പെയുമായി സംസാരിച്ചു. എന്നാല്‍ എംബാപ്പെ പന്തു നല്‍കാന്‍ തയ്യാറായില്ല.

പക്ഷേ പെനാല്‍റ്റിയെടുത്ത എംബാപ്പെയ്ക്ക് പിഴച്ചു. മാഴ്‌സെയ്‌ലേ ഗോള്‍കീപ്പര്‍ യൊഹാന്‍ പെലെ ഫ്രഞ്ച് താരത്തിന്റെ കിക്ക് തടുത്തിട്ടു. 62-ാം മിനിറ്റില്‍ ഒന്നാം ഗോള്‍കീപ്പര്‍ സ്റ്റീവ് മന്ദാന്‍ഡെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്നാണ് യൊഹാന്‍ പെലെ ഗോള്‍കീപ്പറായി ഇറങ്ങിയത്. 

മത്സരത്തിന്റെ ആദ്യ പകുതിയില്‍ എംബാപ്പെ ഒരു ഗോള്‍ നേടിയിരുന്നു. പെനാല്‍റ്റി ഗോള്‍ നഷ്ടമായെങ്കിലും 3-1ന് പി.എസ്.ജി വിജയിച്ചു. നേരത്തെ നെയ്മറും എഡിസണ്‍ കവാനിയും പെനാല്‍റ്റി വിവാദത്തില്‍ അകപ്പെട്ടിരുന്നു.

 

Content Highlights: Kylian Mbappe refuses to give penalty to Di Maria when he was on a hattrick