photo: Getty Images
പാരിസ്: ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകനായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ തിരഞ്ഞെടുത്തു. മുന്‍ ഫ്രഞ്ച് നായകനായിരുന്ന ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിനാലാണ് പുതിയ നായകനായി എംബാപ്പെ ചുമതലയേല്‍ക്കുന്നത്. ഫ്രഞ്ച് പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സ് ദേശീയ ടീമിന്റെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെ ഉണ്ടായേക്കും.
കഴിഞ്ഞ ജനുവരിയിലാണ് ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് നായകനായിരുന്ന ഹ്യൂഗോ ലോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ നായകനായിരുന്ന ലോറിസ് 2022 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിച്ചു. ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോറിസിന്റെ പകരക്കാരനായാണ് പിഎസ്ജി യുടെ സൂപ്പര്‍താരത്തിന്റെ വരവ്.
2022 ലോകകപ്പില്‍ മാസ്‌കമരിക പ്രകടനമായിരുന്നു എംബാപ്പെയുടേത്. സൂപ്പര്‍താരത്തിന്റെ ഗോളടിമികവിലാണ് ഫ്രാന്‍സ് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരേ പരാജയപ്പെട്ടെങ്കിലും ഹാട്രിക് നേടിയ എംബാപ്പെയുടെ പ്രകടനം ഏവരുടേയും മനം കവര്‍ന്നു. എട്ടുഗോളുകളോടെ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയാണ് സൂപ്പര്‍താരം ഖത്തറില്‍ നിന്ന് മടങ്ങിയത്. 2018 ല്‍ ലോകകപ്പ് ജേതാവായ എംബാപ്പെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രഞ്ച് ദേശീയ ടീമിനായി 66 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 36 ഗോളുകളും നേടിയിട്ടുണ്ട്.
ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജിയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് എംബാപ്പെ. ശനിയാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരായ 2024 യൂറോ ക്വാളിഫയര്‍ മത്സരത്തില്‍ ഫ്രാന്‍സിനെ എംബാപ്പെ നയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights: Kylian Mbappe Named New France Captain After Hugo Lloris Retirement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..