പാരിസ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യപാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരായി രണ്ട് ഗോളുകള്‍ നേടിയതോടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കി പി.എസ്.ജിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ. മത്സരത്തില്‍ പി.എസ്.ജി ബയേണിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി.

ബയേണിനെ കീഴടക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത് എംബാപ്പെയായിരുന്നു. ഇതോടെ താരം പുതിയൊരു റെക്കോഡ് സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗിന്റെ ഒരു സീസണില്‍ പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലുമായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡാണ് എംബാപ്പെ സ്വന്തമാക്കിയത്. പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടര്‍ ഫൈനലിലുമായി ഇതിനോടകം അഞ്ചു ഗോളുകളാണ് എംബാപ്പെ അടിച്ചുകൂട്ടിയത്.

പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ബാഴ്‌സലോണയ്‌ക്കെതിരേ ഹാട്രിക്ക് നേടിയ എംബാപ്പെ ക്വാര്‍ട്ടറില്‍ ബയേണിനെതിരേ രണ്ട് ഗോളുകള്‍ നേടി. ഇതോടെ പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലുമായി താരത്തിന്റെ ഗോള്‍നേട്ടം അഞ്ചായി ഉയര്‍ന്നു. ബയേണിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ നേടിയാല്‍ താരത്തിന് റെക്കോഡ് ശക്തമായി ഊട്ടിയുറപ്പിക്കാം. 

ഈ സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ എംബാപ്പെ രണ്ടാമതുണ്ട്. എട്ടുഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 10 ഗോളുകള്‍ നേടിയ ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ എര്‍ലിങ് ഹാളണ്ടാണ് പട്ടികയില്‍ ഒന്നാമത്. 

Content Highlights: Kylian Mbappe creating unique Champions League record in PSG's win over Bayern