Photo: AP
പാരീസ്: നായകനായ ആദ്യ മത്സരത്തില്‍ തന്നെ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത് സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെ. ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ നായകനായി സ്ഥാനമേറ്റ എംബാപ്പെ നെതര്‍ലന്‍ഡ്‌സിനെതിരായ 2024 യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങി.
മത്സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്. എംബാപ്പെയ്ക്ക് പുറമേ ആന്റോയിന്‍ ഗ്രീസ്മാന്‍, ഡയോട്ട് ഉപമെക്കാനോ എന്നിവരും ഫ്രഞ്ച് പടയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. മത്സരത്തില്‍ ഫ്രാന്‍സ് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഫ്രാന്‍സ് ഒന്നാമതെത്തി.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് ലീഡെടുത്തു. എംബാപ്പെയുടെ പാസില്‍ നിന്ന് ഗ്രീസ്മാന്‍ ടീമിനായി ഗോളടിച്ചു. എട്ടാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഉപമെക്കാനോയാണ് ടീമിനായി വലകുലുക്കിയത്. ഗ്രീസ്മാന്റെ ഫ്രീകിക്ക് പോസ്റ്റിലേക്ക് തട്ടിയിട്ടുകൊണ്ട് ഉപമെക്കാനോ ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. പിന്നീട് എംബാപ്പെയുടെ ഊഴമായിരുന്നു.
21-ാം മിനിറ്റില്‍ എംബാപ്പെ തന്റെ ആദ്യ ഗോള്‍ നേടി. ബോക്‌സിനകത്തേക്ക് വന്ന പന്ത് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ സ്വീകരിച്ച എംബാപ്പെ അനായാസം ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ ഫ്രാന്‍സ് 3-0 ന് മുന്നിലെത്തി. നാലാം ഗോള്‍ 88-ാം മിനിറ്റില്‍ പിറന്നു. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്ത് സ്വീകരിച്ച എംബാപ്പെ പ്രതിരോധതാരങ്ങളെ മറികടന്ന് തൊടുത്തവിട്ട ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ ചെന്നുപതിച്ചു. ഇതോടെ ഫ്രാന്‍സ് വിജയമുറപ്പിച്ചു.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ബെല്‍ജിയം സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സൂപ്പര്‍താരം റൊമേലു ലുക്കാക്കുവിന്റെ ഹാട്രിക്കാണ് ടീമിന് വിജയം സമ്മാനിച്ചത്. 35, 49, 82 മിനിറ്റുകളിലാണ് താരം ഗോളടിച്ചത്.
Content Highlights: Kylian Mbappe And France Crush Netherlands, Romelu Lukaku Hits Belgium Hat-trick
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..