ലോകഫുട്ബോളിലെ മൂല്യമേറിയ താരമെന്ന പദവി വിട്ടുകൊടുക്കാതെ ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെ. സി.ഐ.ഇ.എസ്. (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്സ് സ്റ്റഡീസ്) ഫുട്ബോള്‍ ഒബ്സര്‍വേറ്ററിയുടെ പുതിയ പട്ടികയിലും പി.എസ്.ജി.യുടെ ഫ്രഞ്ച് താരം തന്നെയാണ് മുന്നില്‍.
അതേസമയം ഇംഗ്ലീഷ് യുവതാരങ്ങളായ റഹീം സ്റ്റെര്‍ലിങ്, ജേഡന്‍ സാഞ്ചോ, മര്‍ക്കസ് റാഷ്ഫോഡ് എന്നിവര്‍ നേട്ടമുണ്ടാക്കി. കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തുവിട്ട പട്ടികയിലും എംബാപ്പെ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.
ബാഴ്സലോണയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി എട്ടാം സ്ഥാനത്താണ്. അതേസമയം യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീല്‍ താരം നെയ്മറും ആദ്യപത്തിലില്ല.
1001 കോടി രൂപയാണ് മെസ്സിയുടെ മൂല്യം. 1071 കോടി രൂപ മൂല്യമുള്ള റാഷ്ഫോഡ് ഏഴാം സ്ഥാനത്താണ്. കളിക്കാരുടെ വിപണിമൂല്യമാണിത്. കളിമികവിനൊപ്പം രാജ്യം, പ്രായം, പൊസിഷന്‍, ട്രാന്‍സ്ഫര്‍ ഫീ, ഭാവി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് വിപണിമൂല്യം കണക്കാക്കുന്നത്.
പട്ടികയിലെ ആദ്യ അഞ്ചു കളിക്കാര്‍
(താരം, ക്ലബ്ബ്, മൂല്യം എന്ന ക്രമത്തില്‍)
1) കൈലിയന്‍ എംബാപ്പെ- പി.എസ്.ജി.- 2116 കോടി രൂപ
2) റഹീം സ്റ്റെര്‍ലിങ്- മാഞ്ച. സിറ്റി- 1784 കോടി രൂപ
3) മുഹമ്മദ് സല- ലിവര്‍പൂള്‍- 1397 കോടി രൂപ
4) ജേഡന്‍ സാഞ്ചോ- ഡോര്‍ട്മുണ്‍ഡ്- 1347 കോടി രൂപ
5) സാദിയോ മാനെ- ലിവര്‍പൂള്‍- 1241 കോടി രൂപ
Content Highlights: Kylian Mbappé world's most valuable football star