ലണ്ടന്‍: ചെല്‍സിയുടെ വിശ്വസ്ത പ്രതിരോധതാരം കര്‍ട്ട് സൗമ ടീം വിടുന്നു. ഏഴരവര്‍ഷം ചെല്‍സിയുടെ പ്രതിരോധം കാത്ത സൗമ വെസ്റ്റ് ഹാം യുണൈറ്റഡിലേക്കാണ് ചേക്കേറുന്നത്. 

ചെല്‍സിയ്ക്ക് വേണ്ടി 151 മത്സരങ്ങളില്‍ കളിച്ച സൗമ പത്തുഗോളുകള്‍ നേടിയിട്ടുണ്ട്. ചെല്‍സിയ്‌ക്കൊപ്പം അഞ്ച് കിരീടങ്ങളിലും പങ്കാളിയായി. 2014-ല്‍ സെയ്ന്റ് എറ്റിയേനില്‍ നിന്നാണ് സൗമ ചെല്‍സിയിലെത്തുന്നത്. 

290 കോടി രൂപയ്ക്കാണ് താരത്തെ വെസ്റ്റ് ഹാം ടീമിലെത്തിച്ചിരിക്കുന്നത്. 2018-19 സീസണില്‍ താരം എവര്‍ട്ടണിന് വേണ്ടി ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചിരുന്നു. 

ഫ്രഞ്ച് താരമായ സൗമ രാജ്യത്തിന് വേണ്ടി എട്ട് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഒരു ഗോളും സ്വന്തമാക്കി. സെപ്റ്റംബര്‍ 11 ന് സതാംപ്ടണെതിരായ മത്സരത്തിലാകും താരം വെസ്റ്റ് ഹാമിന് വേണ്ടി അരങ്ങേറ്റം കുറിയ്ക്കുക.

Content Highlights: Kurt Zouma leaves Chelsea for West Ham United