തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം കെ.എസ്.ഇ.ബിക്ക്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എഫ്.സി തൃശൂരിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് കെ.എസ്.ഇ.ബി കിരീടം നേടിയത്. 11 വര്‍ഷത്തിന് ശേഷത്തെ ഇടവളേക്ക് ശേഷമാണ് കെ.എസ്.ഇ.ബി ഒരു പ്രധാന ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരാകുന്നത്. അലക്‌സ്, ജോബി ജസ്റ്റിന്‍, സജീര്‍ ഖാന്‍, സഫ്‌വാന്‍ എന്നിവര്‍ കെ.എസ്.ഇ.ബിക്കായി ഗോള്‍ നേടിയപ്പോള്‍ പി.ടി സോമി, രാജേഷ് എന്നിവരാണ് എഫ്.സി തൃശൂരിനായി ലക്ഷ്യം കണ്ടത്.

കളി തുടങ്ങി 24-ാം മിനിറ്റില്‍ സോമി എഫ്.സി തൃശൂരിനെ മുന്നിലെത്തിച്ചു. എന്നാല്‍ അഞ്ച് മിനിറ്റിന് ശേഷം കെ.എസ്.ഇ.ബി സമനില ഗോള്‍ കണ്ടെത്തി. അലക്‌സായിരുന്നു ഗോള്‍ സ്‌കോറര്‍. 32-ാം മിനിറ്റില്‍ ജോബി ജസ്റ്റിനിലൂടെ കെ.എസ്.ഇ.ബി ഒരു ഗോളിന് മുന്നിലെത്തി. 

പിന്നീട് രണ്ടാം പകുതിയില്‍ സജീര്‍ ഖാന്‍ കെ.എസ്.ഇ.ബിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 66-ാം മിനിറ്റിലായിരുന്നു സജീര്‍ ഖാന്റെ ഗോള്‍. 75-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് എഫ്.സി തൃശൂര്‍ വീണ്ടും മത്സരത്തിലേക്ക് തിരിച്ചു വന്നു. 3-2. രാജേഷായിരുന്നു ലക്ഷ്യം കണ്ടത്. എന്നാല്‍ പിന്നീട് എഫ്.സി തൃശൂരിന് അവസരം നല്‍കാതെ കെ.എസ്.ഇ.ബി വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. 80-ാം മിനിറ്റില്‍ സഫ്‌വാനിലൂടെ കെ.എസ്.ഇ.ബി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.