കോഴിക്കോട് : തുടക്കംമുതല്‍ ഒടുക്കംവരെ ആവേശംനിറഞ്ഞ കേരള പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഗോകുലം കേരള എഫ്.സി.യെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്‍മാരായി. സഡന്‍ഡെത്തിലായിരുന്നു (6-5) ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യകിരീടമാണിത്.

ഗോകുലത്തിന്റെ തുടര്‍ച്ചയായ മൂന്നാം കെ.പി.എല്‍ ഫൈനലായിരുന്നു ഇത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും മൂന്നുഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും ഇരുടീമുകളും അഞ്ചുഗോള്‍ വീതം നേടി. ഒടുവില്‍ സഡണ്‍ഡത്തിലെ ആദ്യ കിക്ക് ബ്ലാസ്റ്റേഴ്സിന്റെ ലാല്‍മിനുലം ഡുംഗല്‍ വലയിലെത്തിച്ചു. എന്നാല്‍ ഗോകുലത്തിന്റെ സാമുവല്‍ ലിങ്‌ദൊയുടെ ഷോട്ട് പുറത്തുപോയി.

ഇരുടീമുകളുടെയും റിസര്‍വ് ടീം അണിനിരന്ന മത്സരത്തില്‍ നിശ്ചിതസമയത്ത് ബ്ലാസ്റ്റേഴ്സിനായി റൊണാള്‍ഡൊ അഗസ്‌റ്റോ രണ്ടു തവണ സ്‌കോര്‍ ചെയ്തു (13, 64) നേടി. സാമുവല്‍ ലിങ്ദൊയും (22) സ്‌കോര്‍ ചെയ്തു. 

ആതിഥേയര്‍ക്കുവേണ്ടി ഘാന താരം സാമുവല്‍ ബര്‍ത്തലോമ ഇരട്ടഗോള്‍ (6, 41) നേടി. മറ്റൊരു ഗോള്‍ ലാല്‍മുനാംസോവ (60) നേടി. ഗോകുലമാണ് ആദ്യം ലീഡുനേടിയത്. തുടര്‍ന്ന് രണ്ടുഗോളടിച്ച് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഇടവേളയ്ക്ക് പിരിയുന്‌പോള്‍ 2-2 എന്നനിലയിലായിരുന്നു. രണ്ടാം പകുതിയില്‍ ഗോകുലം ലീഡുനേടിയെങ്കിലും 64-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. കഴിഞ്ഞസീസണിലെ ഫൈനലില്‍ ഗോകുലം കൊച്ചി നേവിയോട് ഷൂട്ടൗട്ടില്‍ തോറ്റിരുന്നു.

Content Highlights: KPL Kerala Blasters beat Gokulam Kerala FC in final to become champions