കൊച്ചി:  കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഗോകുലം എഫ്.സിയും കെ.എസ്.ഇ.ബിയും ഏറ്റുമുട്ടും. ബുധനാഴ്ച്ച വൈകുന്നേരം 3.45ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 

ലീഗില്‍ ഇതുവരെ പരാജയമറിയാതെയാണ് മുന്‍ ചാമ്പ്യന്‍മാരായ ഗോകുലത്തിന്റെ കുതിപ്പ്. ലീഗ് റൗണ്ടില്‍ അഞ്ച് മത്സരങ്ങളും വിജയിച്ച് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍ കടന്ന ടീം കേരള യുണൈറ്റഡ് എഫ്‌സിയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. 2018-ല്‍ ചാമ്പ്യന്‍മാരായ ഗോകുലം കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോല്‍ക്കുകയായിരുന്നു. 

2017-ലെ ചാമ്പ്യന്‍മാരായ കെ.എസ്.ഇ.ബി ബി ഗ്രൂപ്പില്‍ ഒന്നാമതായാണ് സെമിയിലെത്തിയത്. ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ നാല് മത്സരങ്ങളും വിജയിച്ചു. സെമിയില്‍ ബാസ്‌കോയ്‌ക്കെതിരേ മൂന്നു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച്, ഷൂട്ടൗട്ടിലെ വിജയത്തോടെയാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. 

ഇരുടീമുകളും രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് കളിക്കുന്നത്. നേരത്തെ എസ്.ബി.ഐ ടീം കെ.പി.എല്ലില്‍ രണ്ടു തവണ ചാമ്പ്യന്‍മാരായിട്ടുണ്ട്.

Content Highlights: KPL Football KSEB Gokulam Kerala FC