കൊയപ്പ ഫുട്ബോൾ ടൂർണമെന്റിനായി പൂനൂർപ്പുഴയോരത്ത് നിർമിച്ച താത്കാലിക ഫ്ലഡ്ലിറ്റ് മിനിസ്റ്റേഡിയം
കൊടുവള്ളി: രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൂനൂര് പുഴയോരത്തെ താത്കാലിക ഫ്ലഡ്ലിറ്റ് മിനി സ്റ്റേഡിയത്തില്‍ ഇനി കാല്പന്ത് കളിയുത്സവത്തിന്റെ ആവേശത്തിര അല തല്ലും. കോവിഡ് മഹാമാരി തീര്‍ത്ത ഇടവേളയ്ക്ക് ശേഷം വിരുന്നെത്തുന്ന സെവന്‍സ് ഫുട്ബോള്‍ മാമാങ്കത്തിന്റെ ലഹരിയിലേക്ക് ഒരു മാസക്കാലത്തേക്ക് കൊടുവള്ളി വഴുതിമാറും. കാലപ്പഴക്കത്തില്‍ സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ സെവന്‍സ് ഫുട്ബോള്‍ മത്സരമെന്ന ഖ്യാതിയുള്ള 'കൊയപ്പ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റി'ന്റെ 38-ാമത് ചാംപ്യന്‍ഷിപ്പിനാണ് ഇത്തവണ സുവര്ണനഗരി ആതിഥ്യമരുളുന്നത്. ഞായറാഴ്ച രാത്രി എട്ടിന് കെ.ആര്.എസ്. കോഴിക്കോടും റിയല്‍ എഫ്.സി. തെന്നലയും തമ്മിലാണ് ഉദ്ഘാടന മത്സരം. ദേശീയ താരങ്ങള്‍ക്ക് പുറമെ അഡബയര്, കിങ്സ് ലി, ഡോസോ, ബല്ലാക്ക്, ക്ലമന്റ്, എഡ്ഗോഡ്, ജയിംസ്, സുസു തുടങ്ങിയ ഒട്ടേറെ വിദേശതാരങ്ങളും ഇത്തവണ കൊയപ്പയില്‍ ബൂട്ട് അണിയുന്നുണ്ട്.
കൊടുവള്ളിയുടെ സ്വന്തം സെവന്‍സ് ലോകകപ്പ്
ഫുട്ബോളിനെ നെഞ്ചേറ്റി ലാളിക്കുന്ന കൊടുവള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും കളിപ്രേമികള്‍ക്ക് 'കൊയപ്പ' എന്നാല്‍ തങ്ങളുടെ സ്വന്തം കായികമാമാങ്കമാണ്. ഒരു സെവന്‍സ് ലോകകപ്പിന്റെ ആവേശത്തോടെ അരങ്ങേറുന്ന മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ മലപ്പുറം, വയനാട് ജില്ലകളില്‍ നിന്ന് വരെ ഫുട്ബോള്‍ ആരാധകര്‍ വന്നണയാറുണ്ട്. ആവേശഭരിതരായി പിന്തുണയ്ക്കുന്ന കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ള കാണികളും, എന്നും തിങ്ങി നിറയുന്ന മിനി സ്റ്റേഡിയവും, ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മത്സരങ്ങളുമാണ് കൊയപ്പയുടെ പ്രധാന സവിശേഷത. അരനൂറ്റാണ്ടു പിന്നിട്ട പെരിന്തല്‍മണ്ണ ഖാദറലി ഫുട്ബോള്‍ ടൂര്‍ണമെന്റ് മാത്രമാണ് കാലപ്പഴക്കത്തിന്റെ കാര്യത്തില്‍ കൊയപ്പയ്ക്ക് മുന്നിലുള്ളത്. കൊടുവള്ളി ഫുട്ബോള്‍ അസോസിയേഷന് എന്ന പേരില്‍ മുമ്പ് അറിയപ്പെട്ടിരുന്ന ലൈറ്റ്നിങ് ആര്‍ട്സ് ആന്‍സ് സ്പോര്‍ട്ട്സ് ക്ലബ്ബാണ് ഏറ്റവും മികച്ച ടൂര്‍ണമെന്റിനുള്ള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ സംസ്ഥാന പുരസ്കാരത്തിനര്‍ഹമായ 'കൊയപ്പ' യുടെ സംഘാടകര്‍.
1977-ല്‍ പൂനൂര്‍പ്പുഴയോരത്ത് പ്രാദേശിക ടൂര്‍ണമെന്റായാണ് കൊയപ്പ അയമ്മദ് കുഞ്ഞി സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ തുടക്കം. ചൂലൂരിലെ യങ്മെന്‍സ് ക്ലബ്ബിനായിരുന്നു കന്നിക്കിരീടം. രാജ്യത്ത് എവിടെ പ്രമുഖ ഫുട്ബോള്‍ ടൂര്‍ണമന്റുകള്‍ നടന്നാലും അത് പോയി കണ്ട് മത്സരവിശേഷങ്ങള്‍ നാട്ടിലെത്തി പങ്കുവെച്ചിരുന്ന കടുത്ത ഫുട്ബോള്പ്രേമിയായിരുന്ന കൊയപ്പ അയമ്മദ് കുഞ്ഞിയുടെ സ്മരണക്കായാണ് ടൂര്‍ണമെന്റിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. ലൈറ്റ്നിങ്ങിന്റെ ആദ്യകാല കളിക്കാരായ കെ.കെ.ഹംസ, വി.സി.ഹംസ, കുറുങ്ങാട് അബൂബക്കര്‍, കെ.ഉമ്മര്‍, വി.അസൈന്‍കുട്ടി, ആര്.വി. അബ്ദുല്‍ ഖാദര്‍, പി.സി. അഹമ്മദ്കുട്ടി, കെ.അബു, എം.പി.മജീദ്, എം.പി.സി.നാസര്‍, സി.പി.മാമു, വിജയന് എന്നിവരായിരുന്നു ഇതിന് മുന്കയ്യെടുത്തിരുന്നത്.
പ്രമുഖര്‍ പന്ത് തട്ടിയ കളിത്തട്ട്
ദേശീയതാരങ്ങള്‍ മുതല്‍ വിദേശതാരങ്ങള്‍ വരെ പന്ത് തട്ടിയ കളിത്തട്ടാണ് കൊയപ്പ ടൂര്‍ണമെന്റിന്റെ മത്സരവേദി. അനസ് എടത്തൊടിക, ആസിഫ് സഹീര്‍, ജോപോള്‍ അഞ്ചേരി, ഐ.എം.വിജയന്, യു.ഷറഫലി, ഷക്കീര്‍, സുരേഷ്, ഫിറോസ് ശരീഫ്, ആഷിഖ് കുരുണിയന്, അജ്മല്‍, മുഹമ്മദ് റാഫി തുടങ്ങി നിരവധി ദേശീയ താരങ്ങള്‍ കൊയപ്പ ഫുട്ബോളില്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. ദേശീയതലത്തില്‍ സംസ്ഥാനത്തിനായി നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്ത കേരള സ്കൂള്‍ ഫുട്ബോള്‍ ടീം പരിശീലകനും നിരവധി ടീമുകള്‍ക്ക് വേണ്ടി കളിക്കാരനെന്ന നിലയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്ത പി.കെ.അബ്ദുല്‍ വഹാബ്, അലിഗഡ് യൂണിവേഴ്സിറ്റി താരം കെ.കെ.സുബൈര്‍, അശ്വന്ത് (ആര്‍മി ടീം, ബംഗളൂരു), ഷാഹിന്‍ ഖാന് (കെ.എസ്.ഇ. ബി.), കുന്നംകുളം സ്പോര്‍ട്സ് ഡിവിഷനിലെ കെ.അബ്ദുല്‍ റഹീം, ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലെ കെ.അബു, ഫിനു ഫവാസ് (എ.ജി.എസ്.), അഫ്രീദിന് വഹാബ് (ബി.പി.സി.എല്‍.), മുഹമ്മദ് അനീഷ് (വിവ കേരള) തുടങ്ങി നിരവധി പേര് കൊയപ്പയിലൂടെ ഉയര്‍ന്നുവന്ന താരങ്ങളാണ്.
6000 പേര്‍ക്ക് കളി കാണാവുന്ന ഗാലറി
പ്രകൃതി രമണീയമായ പൂനൂര്‍പ്പുഴയുടെ തീരത്ത് ഒരേസമയം ആറായിരം പേര്‍ക്ക് ഇരുന്ന് കളി കാണാവുന്ന താത്കാലിക ഗാലറിയാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക ഇരിപ്പിടങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഒരു ടീമില്‍ മൂന്നു വിദേശതാരങ്ങള്‍ക്ക് കളിക്കാന്‍ അവസരവുമുണ്ട്. അധിക സമയം നല്‍കിയിട്ടും മത്സരങ്ങള്‍ സമനിലയിലായാല്‍ റീ പ്ലേ മത്സരങ്ങള്‍ ഒഴിവാക്കി പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ഇനി മുതല്‍ വിജയികളെ നിര്‍ണയിക്കുക. സബ്സ്റ്റിറ്റിയൂഷന് ബെഞ്ച് പ്രത്യേകമായി ഏര്‍പ്പെടുത്തുന്നതും ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്. 24 ടീമുകളാണ് ഇത്തവണ കൊയപ്പയില്‍ കളത്തിലിറങ്ങുന്നത്. ഓരോ വര്‍ഷവും വിദ്യാഭ്യാസമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ലാഭവിഹിതത്തിലേറെയും സംഘാടകര്‍ വിനിയോഗിക്കാറുള്ളത്. ഇത്തവണത്തെ ലാഭവിഹിതം ഉപയോഗിച്ച് വിദേശജോലികള്‍ തേടാന്‍ പ്രദേശത്തെ യുവാക്കളെ പ്രാപ്തരാക്കുന്ന തരത്തില്‍ ആധുനിക പരിശീലനം നല്‍കാനുള്ള ഹാള്‍ നിര്‍മ്മിക്കാനാണ് സംഘാടകരുടെ തീരുമാനം.
Content Highlights: koyappa football koduvally
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..