കോവളം എഫ്.സി. ടീം
തിരുവനന്തപുരം: പ്രാദേശികതലത്തിലെ മികച്ച കളിക്കാരെ അണിനിരത്തി തലസ്ഥാനത്തിന്റെ സ്വന്തം കോവളം എഫ്.സി. കേരളാ പ്രീമിയര്‍ ലീഗിന്റെ (കെ.പി.എല്‍.) സൂപ്പര്‍ സിക്സില്‍. അന്താരാഷ്ട്ര താരങ്ങളെയുള്‍പ്പെടെ അണിനിരത്തിയ കേരളാ ബ്ലാസ്റ്റേഴ്സിനെപ്പോലും പരാജയപ്പെടുത്തിയാണ് കോവളം എഫ്.സി.യുടെ 'ലോക്കല്‍ താരങ്ങളുടെ' മിന്നുംപ്രകടനം. കേരളാ ബ്‌ളാസ്റ്റേഴ്സ്, കെ.എസ്.ഇ.ബി. തുടങ്ങിയ ഏഴു ടീമുകളുള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് നാലു വിജയം നേടിയാണ് കോവളം എഫ്.സി. സൂപ്പര്‍ സിക്സില്‍ ഇടംപിടിച്ചത്.
അറിയപ്പെടുന്ന താരങ്ങളോ സന്തോഷ് ട്രോഫി കളിച്ചവരോ ഇല്ലാതെയാണ് കേരളാ പ്രീമിയര്‍ ലീഗില്‍ ടീമിന്റെ വിജയയാത്ര. വിദേശതാരങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടാതെ പൂര്‍ണമായും പ്രാദേശിക താരങ്ങളെ മാത്രം അണിനിരത്തിയാണ് ടീം മികച്ച നേട്ടം സ്വന്തമാക്കിയത്. 2010-ല്‍ തിരുവനന്തപുരത്തെ തീരദേശത്തെ താരങ്ങളെ അണിനിരത്തിയാണ് കോവളം എഫ്.സി. ടീം രൂപവത്കരിക്കുന്നത്. ഏകദേശം ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോള്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള പ്രതിഭകള്‍ക്ക് പരിശീലനം നല്‍കുന്ന അക്കാദമിയായി ടീം മാറിക്കഴിഞ്ഞു.
സൂപ്പര്‍ സിക്സിലേക്ക് യോഗ്യത നേടിയതോടെ കോവളം എഫ്.സി.യും താരങ്ങളും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഖേലോ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തിയ കേരളാ ടീമിലേക്ക് കോവളം എഫ്.സി.യുടെ മൂന്ന് താരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. ഐ ലീഗല്‍ കളിക്കുകയെന്നതാണ് ടീമിന്റെ അടുത്ത ലക്ഷ്യം.
അരുമാനൂര്‍ എം.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സ്ഥലം പാട്ടത്തിനെടുത്ത് മികച്ച സ്റ്റേഡിയവും അക്കാദമിക്കായി ഹോസ്റ്റലും പണിതീര്‍ത്തിട്ടുണ്ട്. സ്വന്തമായി കളിസ്ഥലവും റസിഡന്‍ഷ്യല്‍ അക്കാദമിയുമുള്ള സംസ്ഥാനത്തെ തന്നെ അപൂര്‍വം ടീമുകളിലൊന്നാണ് കോവളം എഫ്.സി. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജിന്റെ സഹോദരന്‍ ടി.ജെ.എസ്. മാത്യുവും ഭാര്യ സാലി മാത്യുവുമാണ് കോവളം എഫ്.സി.യുടെ അമരക്കാര്‍.
മുന്‍ സന്തോഷ് ട്രോഫി താരം എബിന്‍ റോസാണ് ടീമിന്റെ ഹെഡ് കോച്ച്. മികച്ച പ്രകടനമാണ് കേരളാ പ്രീമിയര്‍ ലീഗില്‍ ഇത്തവണ ടീം നടത്തിയതെന്ന് എബിന്‍ റോസ് പറഞ്ഞു. പ്രാദേശികതലത്തിലെ മികച്ച കളിക്കാരെ കണ്ടെത്തി വളര്‍ത്തിയെടുക്കുകയെന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. അടുത്തവര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മികച്ച ടീമുകളിലൊന്നായി കോവളം എഫ്.സി. ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറല്‍ ബാങ്കാണ് സ്പോണ്‍സര്‍. പ്രീമിയര്‍ ലീഗില്‍ അടുത്തഘട്ടത്തിലേക്ക് കടന്നതോടെ കൂടുതല്‍ പരിശീലനവും സൗകര്യങ്ങളും ടീമിനായി ഒരുക്കേണ്ടിവരും. സ്പോണ്‍സര്‍മാരുടെ സഹായമാണ് ഇക്കാര്യത്തിലും ക്ലബ്ബ് അധികൃതരുടെ പ്രതീക്ഷ.
Content Highlights: kovalam fc in kerala premier league super six
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..