Photo: twitter.com
പാരിസ്: സംഭവബഹുലമായിരുന്നു ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന മത്സരം. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്ത് അര്‍ജന്റീന കിരീടം നേടുകയായിരുന്നു.
ഇതില്‍ അധികസമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ കോലോ മുവാനിക്ക് ഫ്രാന്‍സിനെ വിജയത്തിലെത്തിക്കാന്‍ സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അവിശ്വസനീയമായി തട്ടിയകറ്റുകയായിരുന്നു.
ഇപ്പോഴിതാ ഫൈനല്‍ മത്സരം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ആ നഷ്ടത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുവാനി. ബീ ഇന്‍ സ്‌പോര്‍ട് എന്ന മാധ്യമത്തോട് വികാരാധീനനായാണ് താരം ആ സംഭവത്തെ കുറിച്ച് പറഞ്ഞത്.
''ഇപ്പോഴും എനിക്കത് എന്റെ ഓര്‍മയിലുണ്ട്. ആ നിമിഷം ഷൂട്ട് ചെയ്യാന്‍ എന്റെ മനസ് പറയുകയായിരുന്നു. ഞാന്‍ പോസ്റ്റിനടുത്തേക്കാണ് പന്തടിച്ചത്. പക്ഷേ ഗോള്‍കീപ്പര്‍ മികച്ച രക്ഷപ്പെടുത്തല്‍ നടത്തി. പക്ഷേ അവിടെ മറ്റ് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. എനിക്ക് പന്ത് ലോബ് ചെയ്യാമായിരുന്നു അല്ലെങ്കില്‍ ഇടതുവശത്ത് സ്വതന്ത്രനായി നിന്നിരുന്ന എംബാപ്പെയിലേക്ക് കൊടുക്കാമായിരുന്നു. പക്ഷേ ആ നിമിഷത്തില്‍ ഞാന്‍ അവനെ കണ്ടിരുന്നില്ല. നിങ്ങള്‍ പിന്നീട് തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമാണ് അപ്പോള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന മറ്റ് വഴികളെ കുറിച്ച് മനസിലാക്കുക. വളരെ വൈകിപ്പോയിരുന്നു. അത് ഇപ്പോഴും മനസില്‍ മായാതെയുണ്ട്. ജീവിതകാലം മുഴുവനും അതവിടെ ഉണ്ടായിരിക്കും'', മുവാനി പറഞ്ഞു.
Content Highlights: Kolo Muani on his last minute miss in World Cup final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..