ലിസ്ബൺ: ഡാ ലുസ് സ്റ്റേഡിയത്തിൽ പി.എസ്.ജിയെ മറികടന്ന് ബയേൺ മ്യൂണിക്ക് തങ്ങളുടെ ആറാം യുവേഫ ചാമ്പ്യൻസ് കിരീടം നേടിയപ്പോൾ ശ്രദ്ധ നേടിയത് കിങ്സ്ലി കോമാനെന്ന 24-കാരനായിരുന്നു. 59-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിന്റെ പാസ് കൃത്യമായി ഗോളിലേക്ക് തിരിച്ചുവിട്ട് ബയേണിന് ജയമൊരുക്കിയത് കോമാനായിരുന്നു.

പെരിസിച്ചിന് പകരം കോമാനെ ആദ്യ ഇലവനിൽ ഇറക്കാനുള്ള ബയേൺ കോച്ച് ഹാൻസി ഫ്ളിക്കിന്റെ തീരുമാനം ഫലം കാണുകയായിരുന്നു.

ബയേൺ ജേഴ്സിയിൽ തകർത്തു കളിക്കുന്ന ഈ 24-കാരൻ അത്ര ചില്ലറക്കാരനല്ല. 2012-ൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച ശേഷം വിവിധ ക്ലബ്ബുകളിലായി എട്ടു വർഷത്തിനിടെ 20 മേജർ കിരീടങ്ങളാണ് കോമാൻ സ്വന്തമാക്കിയിരിക്കുന്നത്.

പി.എസ്.ജിയുടെ യൂത്ത് അക്കാദമിയിലൂടെയാണ് കോമാന്റെ ഫുട്ബോൾ കരിയർ തുടങ്ങുന്നത്. പിന്നീട് 2012-ൽ സീനിയർ ടീമിലെത്തി. 2013-ൽ പി.എസ്.ജിക്കൊപ്പം ലീഗ് വൺ കിരീട നേട്ടത്തിൽ പങ്കാളിയായി. പിന്നാലെ മറ്റൊരു ലീഗ് വൺ കിരീടത്തിനൊപ്പം ഫ്രഞ്ച് കപ്പും ചാമ്പ്യൻസ് ട്രോഫിയും നേടി.

പിന്നീട് 2014-ൽ യുവെന്റസിലേക്ക് ചേക്കേറിയ താരം സീരി എ, ഇറ്റാലിയൻ കപ്പ്, ഇറ്റാലിയൻ സൂപ്പർ കപ്പ് വിജയങ്ങളിൽ പങ്കാളിയായി.

തുടർന്ന് ലോൺ അടിസ്ഥാനത്തിൽ 2015-16 സീസണിൽ ബയേണിലേക്ക്. അവിടെയും മൂന്ന് കിരീടങ്ങൾ. പിന്നീട് ഒരു വർഷം കൂടി ലോൺ അടിസ്ഥാനത്തിൽ ബയേണിൽ തുടർന്നു. ആ വർഷം ക്ലബ്ബിനൊപ്പം രണ്ട് കിരീട വിജയങ്ങൾ.

പിന്നീട് 2017-ലാണ് താരത്തെ യുവെന്റസിൽ നിന്ന് ബയേൺ സ്വന്തമാക്കുന്നത്. ഇത്തവണ ക്ലബ്ബിനൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കം മൂന്ന് കിരീടങ്ങളും.

മൂന്നു ക്ലബ്ബുകൾക്കുമായി കളിച്ച 193 മത്സരങ്ങളിൽ നിന്ന് 20 മേജർ കിരീടങ്ങൾ. അതായത് ശരാശരി ഓരോ 9.65 മത്സരങ്ങളിലും ഒരു കിരീടമെന്ന അപൂർ വനേട്ടം.

Content Highlights: Kingsley Coman 24 year old Frenchman won the 20th major trophy of his career