ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം കീറണ്‍ ട്രിപ്പിയറെ സ്വന്തമാക്കി ന്യൂകാസില്‍ യുണൈറ്റഡ്. അത്‌ലറ്റിക്കോ മഡ്രിഡില്‍ നിന്നാണ് ട്രിപ്പിയറെ ന്യൂകാസില്‍ റാഞ്ചിയത്. 

സൗദി പബ്ലിക്ക് ഇന്‍വസ്റ്റ്മന്റ് ഫണ്ട്‌ ഏറ്റെടുത്ത ശേഷം ന്യൂകാസില്‍ ടീമിലെത്തിക്കുന്ന ആദ്യ താരമാണ് ട്രിപ്പിയര്‍. നിലവില്‍ ന്യൂകാസില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ ടീമാണ്‌. വരുന്ന സീസണില്‍ വലിയ താരങ്ങളെ കൊണ്ടുവന്ന് ന്യൂകാസിലിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കാണ് സൗദി ഗ്രൂപ്പിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് ട്രിപ്പിയറെ ടീമിലെടുത്തത്. 

31 കാരനായ ട്രിപ്പിയറെ 16 മില്യണ്‍ ഡോളര്‍ (ഏകദേശം 118 കോടി രൂപ) മുടക്കിയാണ് ന്യൂകാസില്‍ സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ താരമായിരുന്ന ട്രിപ്പിയര്‍ പിന്നീട് അത്‌ലറ്റിക്കോയിലേക്ക് ചേക്കേറുകയായിരുന്നു. 

ന്യൂ കാസിലിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ടീമിന്റെ വിജയത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ട്രിപ്പിയര്‍ പറഞ്ഞു. 

അടുത്ത സീസണില്‍ ന്യൂകാസിലിനെ അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഉടമകള്‍. നടപ്പുസീസണില്‍ ന്യൂകാസില്‍ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. 19 മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രം നേടിയ ടീം പോയന്റ് പട്ടികയില്‍ 19-ാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ മാത്രമേ ടീമിന് പ്രീമിയര്‍ ലീഗ് യോഗ്യത നിലനിര്‍ത്താനാകൂ. 

Content Highlights: Kieran Trippier Becomes First Signing Under Newcastle United's New Saudi Owners