കൊച്ചി: സുനിൽ ഛേത്രിയുടെ ഒഴിവുനികത്താനുള്ള കഴിവ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുസമദിനുണ്ടെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെ സഹലിനെ പ്രകീർത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ കിബു വികുനയും രംഗത്തെത്തിയിരിക്കുകയാണ്.

'കഴിഞ്ഞ സീസണിൽ സഹൽ അബ്ദുസമദിന്റെ കളി ഞാൻ കണ്ടിരുന്നു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ കളിയാണ് അവൻ പുറത്തെടുക്കുന്നത്. ഗ്രൗണ്ടിൽ നല്ല കാഴ്ച്ചപ്പാടും ക്രിയേറ്റീവുമാണ്. ലോങ് ബോളുകളിലും ത്രൂ ബോളുകളിലും മികവ് കാണിക്കാന്ഡ മലയാളി താരത്തിന് കഴിയുന്നുണ്ട്.' വികുന പറയുന്നു. പോളിഷ് ഓൺലൈൻ ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വികുന.

എന്നാൽ ഇന്ത്യൻ ഫുട്ബോളിലെ മഹാനായ കളിക്കാരനാണ് സുനിൽ ഛേത്രിയെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും വികുന കൂട്ടിച്ചേർത്തു. ഛേത്രി മികച്ച കളിക്കാരനാണ്. എന്നാൽ ഏറ്റവും മികച്ച താരമാണെന്ന് ഞാൻ പറയില്ല. ബെംഗളൂരു എഫ്.സിക്കുവേണ്ടി ഛേത്രി കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ 35 വയസ്സായി. ഇപ്പോഴും നന്നായി കളിക്കുന്നുണ്ട്. ഛേത്രിയാണ് ഏറ്റവും മികച്ച താരമെന്നാണ് ഇന്ത്യക്കാർ പറയുന്നത്. എന്നാൽ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.' വികുന വ്യക്തമാക്കുന്നു.

ഐ-ലീഗിനേക്കാൾ മികച്ച താരങ്ങളുള്ളത് ഐ.എസ്.എല്ലിലാണെന്നും വികുന പറയുന്നു. ഐ.എസ്.എല്ലിൽ നിന്നുള്ള താരങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. മികച്ച വിദേശ താരങ്ങൾ കളിക്കുന്നതും ഐ.എസ്.എല്ലിൽ തന്നെയാണ്. കൊറോമിനാസ്, ഒഗ്ബച്ചെ, കാർലോസ് പെന, റോയ് കൃഷ്ണ എന്നിവരെല്ലാം ഐ.എസ്.എല്ലിലെ മികച്ച താരങ്ങളാണ്. എസ്പാനിയോളിൽ കളിച്ച താരമാണ് കോറോമിനാസ്. വല്ലാഡോളിഡിനുവേണ്ടി കളിച്ച താരമാണ് കാർലോസ് പെന. യൂറോപ്യൻ ടീമിൽ കളിക്കാനുള്ള യോഗ്യത റോയ് കൃഷ്ണയ്ക്കുണ്ട്. വികുന കൂട്ടിച്ചേർത്തു.