കൊച്ചി: കോവിഡ് മഹാമാരിയുടെ കാലത്ത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും 'ഡബിള്‍ വാക്‌സിന്‍' കുത്തിവെച്ചാണ് കേരളം കാത്തിരിക്കുന്നത്. ആദ്യം കൊച്ചിയില്‍ നടക്കുന്ന യോഗ്യതാറൗണ്ടില്‍ ഒന്നാമന്മാരാകുക. പിന്നെ മലപ്പുറത്തുനടക്കുന്ന ഫൈനല്‍ റൗണ്ടില്‍ ചാമ്പ്യന്മാരാകുക. എല്ലാത്തിന്റെയും തുടക്കമായി ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരളം പന്തുതട്ടിത്തുടങ്ങും. സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ ബി ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ ലക്ഷദ്വീപാണ് കേരളത്തിന്റെ എതിരാളികള്‍. വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ആന്തമാന്‍ പോണ്ടിച്ചേരിയെ നേരിടും.

ബിനോയുടെ യുവനിര

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പ്രൊഫഷണല്‍ കോച്ചിങ് ഡിപ്ലോമ നേടിയ കേരളത്തില്‍നിന്നുള്ള ആദ്യകോച്ചായ ബിനോ ജോര്‍ജിന്റെ കീഴിലാണ് കേരളം സന്തോഷ് ട്രോഫിക്ക് ഒരുങ്ങുന്നത്. പ്രൊഫഷണലിസത്തിന്റെ വക്താവായ ബിനോ ആ സ്പര്‍ശത്തില്‍തന്നെയാണ് യുവനിരയെ ഒരുക്കിയിട്ടുള്ളത്. ആറുതവണ സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള ക്യാപ്റ്റന്‍ ജിജോ ജോസഫ് മുതല്‍ പുതുമുഖ താരം മുഹമ്മദ് അജ്‌സാല്‍ വരെയുള്ളവരെ ഒരേ ആവേശത്തില്‍ അണിനിരത്താനാണ് ബിനോയുടെ പദ്ധതി.

ഏതു ടീമിലായാലും 4-3-3 എന്ന ശൈലിയിലോ 3-4-3 എന്ന ശൈലിയിലോ ആക്രമണ ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്ന ബിനോ അതേ പദ്ധതിയിലാകും കേരളത്തെയും അണിനിരത്തുന്നത്.

പ്രതിരോധത്തില്‍ ആസിഫും സഞ്ജുവും ബാസിതും സഹീഫും വരുമ്പോള്‍ മധ്യനിരയില്‍ അര്‍ജുന്‍ ജയരാജും അഖിലുമാണ് കോച്ചിന്റെ മനസ്സിലുള്ളത്. മുന്നേറ്റത്തില്‍ യുവതാരങ്ങളായ അജ്‌സലിനും സഫ്‌നാദിനുമൊപ്പം പരിചയസമ്പന്നനായ എസ്. രാജേഷുമുണ്ട്. രണ്ട് അണ്ടര്‍ 21 താരങ്ങളെ ആദ്യഇലവനില്‍ മുന്നേറ്റത്തില്‍ കളിപ്പിക്കുകയാണെങ്കില്‍ രാജേഷ് പകരക്കാരനായാകും എത്തുക. വിങ്ങുകളിലൂടെ കുതിക്കാന്‍ ബുജൈറിനെയോ നൗഫലിനെയോ ആകും കോച്ച് കൂടുതല്‍ ആശ്രയിക്കുന്നത്.

ടീമായി ലക്ഷദ്വീപ്

വ്യക്തിഗത മികവിനേക്കാള്‍ ടീം വര്‍ക്കില്‍ വിശ്വസിച്ചാണ് ലക്ഷദ്വീപ് കൊച്ചിയിലെ പോരാട്ടത്തിനെത്തുന്നത്. മലയാളി കോച്ച് മില്‍ട്ടന്‍ ആന്റണിയാണ് ലക്ഷദ്വീപിനെ ഒരുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമില്‍ കളിച്ച അസര്‍, ഐമന്‍ എന്നിവര്‍ ഒഴിച്ചാല്‍ പ്രൊഫഷണല്‍ സ്പര്‍ശമുള്ള താരങ്ങളൊന്നും ടീമിലില്ല. കോഴിക്കോട് കല്ലാനോട് സ്‌കൂളില്‍ മൂന്നാഴ്ചയോളംനീണ്ട ക്യാമ്പിനുശേഷമാണ് ടീം കൊച്ചിയിലെത്തിയിരിക്കുന്നത്.

''പരിശീലനമത്സരങ്ങളും ഒരുക്കങ്ങളും സമ്മാനിച്ച ആത്മവിശ്വാസത്തിലാണ് ടീം. എതിരാളികളെ ചെറുതായി കാണുന്നില്ല. മികച്ച കളിയിലൂടെ മികച്ച ഫലം ഉണ്ടാക്കാനാണ് ശ്രമം'' -ബിനോ ജോര്‍ജ് (കേരള കോച്ച്)

ജിജോയും റാഷിദും കളിക്കില്ല

സന്തോഷ് ട്രോഫിക്കു കിക്കോഫാകുന്നതിനുമുമ്പ് കേരളത്തിനു തിരിച്ചടിയായി പരിക്കും ഐ ലീഗ് രജിസ്‌ട്രേഷന്‍ പ്രശ്‌നവും. തിങ്കളാഴ്ചനടന്ന പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ജിജോ ജോസഫ് ബുധനാഴ്ച ആദ്യമത്സരത്തില്‍ കളിക്കില്ല. ഐ ലീഗ് രജിസ്‌ട്രേഷനിലെ പ്രശ്‌നംമൂലം മധ്യനിര താരം മുഹമ്മദ് റാഷിദിനും കളിക്കാന്‍ സാധിക്കില്ല. കഴിഞ്ഞതവണ ഗോകുലം എഫ്.സി.ക്കുവേണ്ടി ഐ ലീഗില്‍ കളിച്ചിരുന്ന റാഷിദിന്റെ രജിസ്‌ട്രേഷന്‍ ഇതുവരെ മാറ്റാതിരുന്നതാണ് വിനയായത്.

Content Highlights: Kerala vs Lakshadweep Santhosh Trophy qualification round match