കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. 

കേരളത്തിനുവേണ്ടി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ തന്‍വീറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ലക്ഷദ്വീപിന്റെ ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 

santhosh trophy
ഫോട്ടോ: ബി.മുരളീകൃഷ്ണന്‍ / മാതൃഭൂമി

മത്സരം തുടങ്ങി നാലാം മിനിട്ടില്‍ തന്നെ കേരളം വലകുലുക്കി. നാലാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. പിന്നാലെ 12-ാം മിനിട്ടില്‍ ജെസിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മികച്ച ഫിനിഷിലൂടെയാണ് ജെസിന്‍ വലകുലുക്കിയത്. 26-ാം മിനിട്ടില്‍ മുഹമ്മദ് സഫ്‌നാദിനെ ഫൗള്‍ ചെയ്തതിന്റെ ഫലമായി  ലക്ഷദ്വീപിന്റെ ഉബൈദുള്ളയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചു. ഇതോടെ സന്ദര്‍ശകര്‍ 10 പേരായി ചുരുങ്ങി.

santhosh trophy
ഫോട്ടോ: ബി.മുരളീകൃഷ്ണന്‍ / മാതൃഭൂമി

36-ാം മിനിട്ടില്‍ ലക്ഷദ്വീപ് താരം തന്‍വീര്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ കേരളത്തിന്റെ ലീഡ് മൂന്നാക്കി. ഗോള്‍കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ തന്‍വീറിന്റെ കാലില്‍ തട്ടി ഗോളായി മാറുകയായിരുന്നു. 

ആദ്യ പകുതിയില്‍ കേരളം 3-0 ന് ലീഡെടുത്തു. രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വേണ്ടവിധത്തില്‍ അത് മുതലാക്കാന്‍ കേരള താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 82-ാം മിനിട്ടില്‍ പകരക്കാരനായി വന്ന രാജേഷിലൂടെ കേരളം നാലാം ഗോള്‍ നേടി. അനായാസമായാണ് രാജേഷ് പന്ത് വലയിലെത്തിച്ചത്.

santhosh trophy
ഫോട്ടോ: ബി.മുരളീകൃഷ്ണന്‍ / മാതൃഭൂമി

പിന്നാലെ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലക്ഷദ്വീപ് ഗോള്‍കീപ്പറെ കബിളിപ്പിച്ചുകൊണ്ട് ലക്ഷ്യം കണ്ട അര്‍ജുന്‍ ജയരാജ് കേരളത്തിന്റെ ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി. 

Content Highlights: kerala vs lakshadweep santhosh trophy 2021-2022 south zone qualifier