കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് പുതുതായി എത്തിയ കേരള യുണൈറ്റഡ് എഫ്.സി. ആദ്യ സീസണിലേക്കുള്ള ഒരുക്കം തുടങ്ങി. സന്തോഷ് ട്രോഫി താരങ്ങളെ ഉള്‍പ്പെടുത്തിയ ടീമിന്റെ പരിശീലനം ഡിസംബര്‍ ആദ്യവാരം എടവണ്ണയില്‍ തുടങ്ങും.

കേരള യുണൈറ്റഡ് നിലവില്‍ വന്നതായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഷെഫീല്‍ഡ് യുണൈറ്റഡിന്റെ ഉടമകളായ യുണൈറ്റഡ് വേള്‍ഡ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്‌സ് ക്ലബ്ബിനെ ഏറ്റെടുത്ത ശേഷമാണ് കേരള യുണൈറ്റഡ് എന്ന് പേര് മാറ്റിയത്.

രണ്ടാം ഡിവിഷന്‍ ഐ ലീഗിലും കേരള പ്രീമിയര്‍ ലീഗിലും കളിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സീസണില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ച മധ്യനിരതാരം ഋഷിദത്ത്, മുന്നേറ്റനിരക്കാരന്‍ മൗസിഫ് എന്നിവരെ ടീമിലെടുത്തിട്ടുണ്ട്. ഋഷി കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍താരം കൂടിയാണ്. കേരളത്തില്‍ നിന്നുള്ള യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇരുപതോളം കളിക്കാരുമായി ധാരണയിലെത്തിയിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള പരിശീലകനാവും ചുമതല.

എടവണ്ണ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന ടീമിന്റെ ഹോം ഗ്രൗണ്ട് മഞ്ചേരി പയ്യനാട്ടെ സ്റ്റേഡിയമാകാനാണ് സാധ്യത.

Content Highlights: Kerala United FC is set to make a debut in tournaments