സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരളതാരങ്ങൾ പരിശീലനത്തിന്റെ ഇടവേളയിൽ കൊച്ചിയിലെ ഹോട്ടലിനുമുന്നിൽ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ
കൊച്ചി: സൗദി അറേബ്യയിലെ മൈതാനത്ത് പന്തുതട്ടാനിറങ്ങണം...പറ്റുമെങ്കില്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാണണം... ആ മനോഹര സ്വപ്നത്തിലാണിപ്പോള്‍ കേരള ഫുട്‌ബോള്‍ ടീം. സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കായി കൊച്ചിയില്‍ ഒരുങ്ങുമ്പോള്‍ സമാനതകളില്ലാത്ത മോഹങ്ങളാണ് കേരളത്തെ പ്രചോദിപ്പിക്കുന്നത്.
ഭുവനേശ്വറില്‍ ഫെബ്രുവരി പത്തിന് തുടങ്ങുന്ന ഫൈനല്‍ റൗണ്ട് കഴിഞ്ഞാല്‍ സന്തോഷ് ട്രോഫിയുടെ സെമിയും ഫൈനലും ഇത്തവണ സൗദി അറേബ്യയിലായിരിക്കും. യോഗ്യത നേടി സൗദിയിലേക്ക് പോകാനവസരം കിട്ടിയാല്‍ അല്‍ നസ്ര്‍ ക്ലബ്ബ് താരം ക്രിസ്റ്റ്യാനോയെ കാണാനുമാകും.
എറണാകുളത്ത് പരിശീലനം നടത്തുന്ന കേരളടീം ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കായി ആറിന് ഭുവനേശ്വറിലേക്ക് തിരിക്കും.
22-ന് എറണാകുളത്ത് പനമ്പിള്ളിനഗര്‍ സ്‌കൂള്‍ മൈതാനത്തും മഹാരാജാസ് കോളേജ് ഗ്രൗണ്ടിലുമാണ് കേരളത്തിന്റെ പരിശീലനം.
എല്ലാ ദിവസവും രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയാണ് പരിശീലനം. വൈകീട്ട് സ്വിമ്മിങ്ങും ഐസ് ബാത്തിങ്ങും ഉള്‍പ്പെടെയുള്ള വ്യായാമങ്ങള്‍. യോഗ്യതാ റൗണ്ടില്‍ അസുഖബാധിതനായി ടീമില്‍നിന്ന് വിട്ടുപോയ കേരള പോലീസ് താരം സഞ്ജു അടക്കം മൂന്നുപേരെക്കൂടി വിളിപ്പിച്ചതോടെ 25 പേരാണ് ക്യാമ്പിലുള്ളത്. ഇതില്‍നിന്ന് തിരഞ്ഞെടുക്കുന്ന 22 അംഗ ടീമായിരിക്കും ഫൈനല്‍ റൗണ്ട് കളിക്കുക.
നിറഞ്ഞ ആത്മവിശ്വാസത്തിലാണ് കേരളം ഒരുങ്ങുന്നതെന്ന് കോച്ച് പി.ബി. രമേഷ് പറഞ്ഞു. ''സൗദിയിലാണ് സെമിയും ഫൈനലുമെന്നത് കുട്ടികളെ വളരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇത്തവണത്തെ ടീമില്‍ 16 പേരും പുതുമുഖങ്ങളാണ്. വിദേശത്തുപോയി കളിക്കുന്നത് അവര്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാകും. കപ്പടിച്ചാല്‍ ജോലികിട്ടാനുള്ള സാധ്യത കൂടുതലാണെന്നതും അവരെ ആവേശത്തിലാക്കുന്നു.'' -രമേഷ് പറഞ്ഞു.
മിസോറം, ജമ്മു കശ്മീര്‍, ആന്ധ്രപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നീ ടീമുകള്‍ അടങ്ങിയ യോഗ്യതാറൗണ്ടില്‍ അഞ്ച് കളിയില്‍ 24 ഗോളടിച്ച കേരളം പക്ഷേ, ഫൈനല്‍ റൗണ്ടില്‍ കനത്ത വെല്ലുവിളി നേരിടുന്നു.
ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ് ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ കേരളത്തെ കാത്തിരിക്കുന്നത്.
Content Highlights: Kerala team ready for Santosh Trophy final round
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..