മത്സരശേഷം ഗ്രൗണ്ട് വിടുന്ന കേരള താരങ്ങൾ
നിലവിലെ ചാമ്പ്യന്മാര്‍, യോഗ്യതാറൗണ്ടിലെ തകര്‍പ്പന്‍ പ്രകടനം... സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടിനായി ഭുവനേശ്വറിലേക്ക് വണ്ടികയറുമ്പോള്‍ കേരളത്തിന് പ്രതീക്ഷിക്കാന്‍ വകയുണ്ടായിരുന്നു. എന്നാല്‍, അഞ്ചു മത്സരങ്ങള്‍ക്കുശേഷം നാട്ടിലേക്ക് തിരിക്കുമ്പോള്‍ സന്തോഷിക്കാന്‍ ആകെയുള്ളത് പഞ്ചാബിനെതിരായ പ്രകടനം മാത്രം. ആദ്യമായി വിദേശത്ത് സെമിയും ഫൈനലും നടക്കുമ്പോള്‍ കാണികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന കേരള ടീം കരയ്ക്കിരുന്ന് കളി കാണും. ഫൈനല്‍ റൗണ്ടില്‍ രണ്ടുജയവും രണ്ടുസമനിലയും ഒരു തോല്‍വിയുമായി എട്ടു പോയന്റുള്ള കേരളം സെമികാണാതെ മടങ്ങി. പഞ്ചാബും (11 പോയന്റ്) കര്‍ണാടകയും (ഒമ്പത്) ഗ്രൂപ്പില്‍നിന്ന് മുന്നേറി.
മാറിമറിഞ്ഞ ആദ്യ ഇലവന്‍
കേരളത്തിന്റെ പ്രധാനപ്രശ്‌നം മധ്യനിരയായിരുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഋഷിദത്ത് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചതൊഴിച്ചാല്‍ ശരാശരിക്ക് താഴെയായിരുന്നു മധ്യനിരയുടെ പ്രകടനം. വി. അര്‍ജുന്‍, ഗിഫ്റ്റി ഗ്രേഷ്യസ്, എം. റാഷിദ്, റിസ്വാന്‍ അലി, ഒ.എം. ആസിഫ് എന്നിവര്‍ അഞ്ചുകളികളിലായി മധ്യനിരയിലിറങ്ങി. പഞ്ചാബിനെതിരേ ഋഷി-ആസിഫ്-അര്‍ജുന്‍ ത്രയമാണ് വേറിട്ട പ്രകടനം പുറത്തെടുത്തത്. ആ കളിയില്‍ മധ്യനിര മിന്നിയതോടെ കേരളം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു.
തകര്‍ന്ന ഘടന
യോഗ്യതാറൗണ്ടില്‍ കേരളത്തിന് വിന്നിങ് കോമ്പിനേഷനുണ്ടായിരുന്നു. വിങ്ങുകളില്‍ നിജോ ഗില്‍ബര്‍ട്ടും വിഘ്നേഷും സ്ട്രൈക്കറായി നരേഷും. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ റിസ്വാന്‍ അലി. ഉത്തേജകമരുന്ന് പ്രശ്‌നത്തില്‍ വിഘ്നേഷ് ടീമില്‍നിന്ന് പുറത്തായി. നരേഷിനെ പരിക്കും അലട്ടിയതോടെ ഈ കോമ്പിനേഷന്‍ തകര്‍ന്നു. ഇതിനുപുറമേ ദേശീയ ഗെയിംസിലും യോഗ്യതാറൗണ്ടിലും നന്നായി കളിച്ച മധ്യനിരതാരം അജീഷിന് ഡിപ്പാര്‍ട്ട്മെന്റ് മത്സരങ്ങളുള്ളതിനാല്‍ പിന്മാറേണ്ടിയും വന്നു. ഇത് ടീമിന്റെ ഘടന തകര്‍ത്തു. നിജോ ഗില്‍ബര്‍ട്ട് ഒമ്പതു ഗോള്‍ നേടിയെങ്കിലും യോഗ്യതാറൗണ്ടിലെ പ്രകടനത്തിനടുത്തുവന്നില്ല.
പരിക്ക് വില്ലന്‍
അവസാന മത്സരങ്ങളായപ്പോഴേക്കും പരിശീലനവേളയില്‍ രണ്ടുടീമായി കളിക്കാന്‍പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. ജോണ്‍ പോള്‍, സച്ചുസിബി, നരേഷ്, സഞ്ജു, ബെല്‍ജിന്‍, ഗിഫ്റ്റി എന്നിവരെല്ലാം പരിക്കിന്റെ പിടിയിലായി. നിജോയും ആസിഫുമൊക്കെ പരിക്ക് വകവെക്കാതെ കളത്തിലിറങ്ങി. കൃത്യമായ പകരക്കാരെ ഇറക്കാന്‍ പരിശീലകന്‍ പി.ബി. രമേഷ് ബുദ്ധിമുട്ടി.
നല്ല പ്രതിരോധം
മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിലെ ആദ്യപകുതി മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന്റെ പ്രതിരോധം ശരാശരിക്ക് മുകളില്‍നിന്നു. പ്രത്യേകിച്ചും സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എം. മനോജ്. ടൂര്‍ണമെന്റില്‍ കേരള ടീമിനായി ഏറ്റവും മികച്ച പ്രകടനം വന്നത് മനോജില്‍നിന്നായിരുന്നു. സമ്മര്‍ദഘട്ടത്തില്‍ തകരാതെ പ്രതിരോധം കാക്കാന്‍ താരത്തിനായി. നായകന്‍ മിഥുന്‍ ബാറിനു കീഴില്‍ പലപ്പോഴും ടീമിന്റെ രക്ഷകനായി.
Content Highlights: kerala knocked out from santhosh trophy 2022-2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..