കോഴിക്കോട്: കേരള ഫുട്ബോളിലേക്ക് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നിട്ട് കേരള ഫുട്ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ). അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വിജയകരമായി നടപ്പാക്കിയതിന്റെ ചെറിയ പതിപ്പ് നടപ്പാക്കാനാണ് നീക്കം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ ആരംഭിച്ചുകഴിഞ്ഞു.

2010-ല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഐ.എം.ജി.-റിലയന്‍സുമായി 15 വര്‍ഷത്തെ വാണിജ്യകരാര്‍ ഉണ്ടാക്കിയതിന് സമാനമായ നീക്കമാണ് കെ.എഫ്.എ.യും നടത്തുന്നത്. അന്ന് 700 കോടിയുടെ കരാറാണ് എ.ഐ.എഫ്.എഫും റിലയന്‍സും ചേര്‍ന്നുണ്ടാക്കിയത്. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടക്കം നിലവില്‍വന്നത്. 

12 വര്‍ഷത്തെ വാണിജ്യപങ്കാളിത്തത്തിനാണ് കെ.എഫ്.എ. ഒരുങ്ങുന്നത്. ഇതിനായി കഴിഞ്ഞ 15-ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. കേരള ഫുട്ബോളിന്റെ ബ്രാന്‍ഡിങ്, പ്രമോഷന്‍ കാര്യങ്ങള്‍ വാണിജ്യപങ്കാളിയുടെ നിയന്ത്രണത്തിലാകും. ഓരോ വര്‍ഷവും നിശ്ചിത തുക അസോസിയേഷന് ലഭിക്കും. മറ്റ് വാണിജ്യകാര്യങ്ങളില്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചില വന്‍കിട കമ്പനികള്‍ പങ്കാളിത്തത്തിനായി അസോസിയേഷനെ സമീപിച്ചിട്ടുണ്ട്.

അടുത്തവര്‍ഷം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എട്ട് ടീമുകളുടെ ഫ്രാഞ്ചൈസി ലീഗ് അടക്കമുള്ളവ പുതിയ കരാറിന്റെ അടിസ്ഥാനത്തിലാകും. വാണിജ്യപങ്കാളി എത്തുന്നതോടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഗ്രാസ് റൂട്ട് തലംമുതല്‍ ഫുട്ബോള്‍ വികസനമാണ് ലക്ഷ്യമിടുന്നതെന്നാണ് അധികതരുടെ വാദം. 200 കളിക്കാര്‍ക്ക് പ്രൊഫഷണല്‍ കരാര്‍, കൂടുതല്‍ കളികള്‍, നിശ്ചിത വേതനം എന്നിവയും പുതിയ പദ്ധതിയിലുണ്ട്. ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കുന്നതോടെ നിലവിലെ കേരള പ്രീമിയര്‍ ലീഗ് രണ്ടാം ഡിവിഷന്‍ ലീഗായി മാറും.

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും റിലയന്‍സും തമ്മിലുള്ള വാണിജ്യകരാര്‍ ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജനപ്രിയമായി. മികച്ച താരങ്ങളുടെ കടന്നുവരവിനും കാരണമായി. അതേസമയം വന്‍കിടകമ്പനിയിലേക്ക് ഫുട്ബോളിന്റെ നിയന്ത്രണം ചെന്നെത്തിയെന്ന ആക്ഷേപവുമുയരുന്നുണ്ട്.

''വാണിജ്യപങ്കാളിയെന്ന ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചില വന്‍കിട കമ്പനികള്‍ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല.'' - പി. അനില്‍കുമാര്‍ (ജനറല്‍ സെക്രട്ടറി, കെ.എഫ്.എ.)

Content Highlights: Kerala Football Association opens doors to big companies in Kerala football