ജംഷേദ്പുര്‍: തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. അതിനൊപ്പം പരിക്കില്‍നിന്ന് മുക്തരായി പ്രധാന കളിക്കാരുടെ തിരിച്ചുവരവും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജംഷേദ്പുര്‍ എഫ്.സി.ക്കെതിേര മറ്റൊരു നിര്‍ണായക പോരാട്ടത്തിനിറങ്ങുമ്പോള്‍ ഈ രണ്ടു ഘടകങ്ങളും ടീമിനെ സഹായിക്കുമെന്ന വിശ്വാസത്തിലാണ് പരിശീലകന്‍ എല്‍കോ ഷട്ടോരി. ഞായറാഴ്ച രാത്രി 7.30-ന് ജെ.ആര്‍.ഡി. ടാറ്റ സ്‌പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ടിലാണ് കളി.

അവസാനം കളിച്ച അഞ്ചു കളികളില്‍ ഒന്നില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. രണ്ടുവീതം ജയവും സമനിലയും. കണക്കിലെ കളിയില്‍ ടീമിന് മുന്‍തൂക്കമുണ്ട്. അതേസമയം, ജംഷേദ്പുര്‍ അവസാനത്തെ അഞ്ചു കളിയിലും ജയിച്ചിട്ടില്ല. തുടര്‍ച്ചയായ മൂന്നു തോല്‍വികളും വഴങ്ങി. ലീഗിന്റെ തുടക്കത്തില്‍ നന്നായി കളിച്ച ടീമിനിപ്പോള്‍ തിരിച്ചടികളുടെ കാലമാണ്.

പരിക്കുമാറി മരിയോ അര്‍ക്വിസ്, മുസ്തഫ നിങ് എന്നീ മധ്യനിരക്കാര്‍ തിരിച്ചെത്തിയത് ബ്ലാസ്റ്റേഴ്സിന് ഗുണകരമായിട്ടുണ്ട്. പ്രതിരോധത്തില്‍ ജിയാനി സ്യൂവെര്‍ലൂണ്‍ കൂടി കളിക്കുന്നുണ്ടെങ്കില്‍ മികവ് കൂടും. മുന്നേറ്റത്തില്‍ നായകന്‍ ബര്‍ത്തലോമ്യു ഓഗ്ബച്ച-മെസ്സി ബൗളി സഖ്യം ക്ലിക്കായിട്ടുണ്ട്.

ജംഷേദ്പുര്‍ മുന്നേറ്റത്തില്‍ പ്രശ്‌നങ്ങളുണ്ട്. സ്പാനിഷ് താരം ഡേവിഡ് ഗ്രാന്‍ഡെക്ക് മികച്ച പങ്കാളിയില്ല. എന്നാല്‍, നോയ് കോസ്റ്റ, എയ്റ്റോര്‍ മോണ്‍റെ, അമര്‍ജിത്ത് കിയാം എന്നിവര്‍ കളിക്കുന്ന മധ്യനിര മികച്ചതാണ്. പരിചയസമ്പന്നരായ ടിറി, മെമോ, നരേന്ദ്ര ഗഹ്ലോട്ട് എന്നിവര്‍ അണിനിരക്കുന്ന പ്രതിരോധത്തിന് ഉറപ്പുണ്ട്. തുടര്‍തോല്‍വികള്‍ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ഇറിയോന്‍ഡോയെ പ്രതിസന്ധിയിലാക്കുന്നു.

ലീഗില്‍ 12 കളിയില്‍നിന്ന് 14 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തും 11 കളിയില്‍നിന്ന് 13 പോയന്റുള്ള ജംഷേദ്പുര്‍ എട്ടാം സ്ഥാനത്തുമാണ്.

Content Highlights: Kerala Blasters vs Jamshedpur FC ISL 2020