കോഴിക്കോട്:  കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരം വിവാദത്തില്‍. തായ്‌ലന്‍ഡില്‍ പ്രീ സീസണ്‍ പര്യടനത്തിന് പോയ കേരള ബ്ലാസ്‌റ്റേഴ്‌സ് അവിടെ കളിച്ച മത്സരമാണ് വിവാദത്തിലായത്. ബാങ്കോക്ക് എഫ്.സിക്കെതിരെയായിരുന്നു മത്സരം. ഒന്നിനെതിരേ നാല് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കുകയും ചെയ്തു.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് തങ്ങള്‍ക്കെതിരേ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാങ്കോക്ക് എഫ്.സി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ബാങ്കോക്ക് എഫ്.സി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ബാങ്കോക്ക് എഫ്.സിയെ തോല്‍പ്പിച്ചെന്ന് പറഞ്ഞുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റും ഒപ്പം ഉപയോഗിച്ച തങ്ങളുടെ ലോഗോയും നീക്കം ചെയ്യണമെന്നും ബാങ്കോക്ക് എഫ്.സി ആവശ്യപ്പെട്ടു.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ ആകെ ആശയക്കുഴപ്പത്തിലായി. എഫ്.സി ബാങ്കോക്ക് എന്ന ടീമും തായ്‌ലന്‍ഡിലുണ്ട്. ഇനി ആ ടീമിനെതിരെയാണോ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചതെന്ന് ആരാധകര്‍ സംശയിച്ചു. എന്നാല്‍ അവര്‍ക്കെതിരേയും ബ്ലാസ്‌റ്റേഴ്‌സ് കളിച്ചിട്ടില്ലെന്ന് ആരാധകര്‍ കണ്ടെത്തി. ബ്ലാസ്‌റ്റേഴ്‌സ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മത്സരത്തിന്റെ ഫോട്ടോയില്‍ നിന്ന് തന്നെയാണ് ഏത് ടീമിനെതിരായണ് കളിച്ചതെന്ന് ആരാധകര്‍ കണ്ടുപിടിച്ചത്.

ബ്ലാസ്റ്റേഴ്‌സിന്റെ എതിര്‍ ടീമില്‍ കളിക്കുന്ന താരമിട്ടിരിക്കുന്ന ജഴ്‌സിയിലെ ലോഗോ ബാങ്കോക്കിലെ ഒരു യൂണിവേഴ്‌സിറ്റി ടീമിന്റേയാണ്. ബാങ്കോക്ക് തോന്‍ബുരി യൂണിവേഴ്‌സ്റ്റി ടീമാണത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളെ വഞ്ചിച്ചുവെന്ന പോസ്റ്റുമായി നിരവധി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. ഈ യൂണിവേഴ്‌സ്റ്റി ടീമിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചതെന്ന് ബാങ്കോക്ക് എഫ്.സിയും പിന്നീട് സ്ഥിരീകരിച്ചു. 

മത്സരം നടക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ ഒരു മത്സരം ഉള്ളത് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിരുന്നുമില്ല. എന്തായലും സംഗതി വിവാദമായതോടെ കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ബാങ്കോക്ക് എഫ്.സിയുടെ ലോഗോയുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

bangkok fc

bangkok fc

bangkok fc

 

bangkok fc

bangkok fc

Content Highlights: Kerala Blasters vs Bangkok FC Pre Season Match Controversy