മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ഫിഫയുടെ ട്രാൻസ്‌ഫർ വിലക്ക്. ഫിഫയുടെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഐഎസ്എല്ലിലെ മറ്റൊരു ക്ലബ്ബായ ഈസ്റ്റ് ബംഗാളിനും ട്രാൻസ്‌ഫർ വിലക്കുണ്ട്.

വിലക്ക് തീരുന്നതുവരെ പുതിയ താരങ്ങളുമായി കരാറിലേർപ്പെടാൻ ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും കഴിയില്ല. പുതിയ സീസണിനായി പുതിയ പരിശീലകനെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് മികച്ച ടീമിനെ വാർത്തെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ വിലക്ക് കേരള ക്ലബ്ബിന് തിരിച്ചടിയാകും.

മുൻ ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന്റെ വേതനവുമായി ബന്ധപ്പെട്ടതാണ് ബ്ലാസ്റ്റേഴ്സിന്റെ വിലക്ക്. കോസ്റ്ററിക്കൻ താരമായ ജോണി അകോസ്റ്റയുടെ വേതനം നൽകാത്തതാണ് ഈസ്റ്റ് ബംഗാളിന്റെ വിലക്കിന് പിന്നിൽ. ഈ രണ്ട് താരങ്ങളുടേയും വേതനം നൽകി പ്രശ്നം പരിഹരിച്ചാൽ ഫിഫ ട്രാൻസ്‌ഫർ വിലക്ക് പിൻവലിക്കും.

സ്ലൊവാനിയൻ താരമായ പൊപ്ലാനിക് നിലവിൽ കളിക്കുന്ന സ്കോട്ടിഷ് ക്ലബ്ബ് ലിവിസ്റ്റൺ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിനെതിരേ പരാതി നൽകിയത്. 2018-20 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളിൽ ഒരാളായിരുന്ന പൊപ്ലാനികിന് ക്ലബ്ബ് ഇതുവരെ കരാറിൽ പറഞ്ഞ തുക മുഴുവനും കൊടുത്തിട്ടില്ലെന്നാണ് പരാതി.

2018-ൽ 1.36 കോടി രൂപ മുടക്കിയാണ് ജോണി അകോസ്റ്റയെ ഈസ്റ്റ് ബംഗാൾ തട്ടകത്തിലെത്തിച്ചത്. 2018-2019 സീസണിൽ ഈസ്റ്റ് ബംഗാളിന് കളിച്ച താരം 2020-ൽ വീണ്ടും കൊൽക്കത്ത ക്ലബ്ബിൽ തിരിച്ചെത്തി. എന്നാൽ രണ്ടാം വരവിൽ ഒരൊറ്റ മത്സരം മാത്രമാണ് അകോസ്റ്റ ഐഎസ്എല്ലിൽ കളിച്ചത്.

Content Highlights: Kerala Blasters Transfer Ban FIFA