ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ആറാം സീസണിലെ തിരിച്ചടിയെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കം നേരത്തേ ആരംഭിച്ചു. ജംഷേദ്പുര്‍ നായകനും സ്പാനിഷ് താരവുമായ ടിറി, ഗോള്‍കീപ്പര്‍മാരായ പ്രഭ്ശുഖന്‍ സിങ്, അല്‍ബിനോ ഗോമസ് എന്നിവരുമായി ടീം ധാരണയിലെത്തിയതായാണ് സൂചന.

പ്രതിരോധനിര താരങ്ങള്‍ക്കേറ്റ പരിക്കാണ് ബ്ലാസ്റ്റേഴ്സിന് ഇത്തവണ തിരിച്ചടിയായത്. ഇതിനെ മറികടക്കാനാണ് പരിചയസമ്പന്നനായ പ്രതിരോധനിരക്കാരന്‍ ഹോസെ ലൂയി എസ്പിനോസ അറോയ എന്ന ടിറിയെ കൊണ്ടുവരുന്നത്.

താരവുമായി ക്ലബ്ബ് പ്രീസീസണ്‍ കരാറിലെത്തിയിട്ടുണ്ട്. പരിക്കുമൂലം ഇത്തവണ ജംഷേദ്പുരിനായി അധികം മത്സരം കളിച്ചിട്ടില്ല. 2017 മുതല്‍ ജംഷേദ്പുരിനായി കളിക്കുന്ന താരം 36 മത്സരങ്ങളില്‍ ബൂട്ടുകെട്ടി.

2015, 16 സീസണുകളില്‍ എ.ടി.കെ. കൊല്‍ക്കത്ത ടീമിനായി കളിച്ചു. 28-കാരനായ താരം അത്ലറ്റിക്കോ മഡ്രിഡ് ബി ടീമിലും കളിച്ചിട്ടുണ്ട്.

ഇത്തവണ സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ സന്ദേശ് ജിംഗാന്‍, ജിയാനി സുയ്വര്‍ലൂണ്‍, ജെയ്റോ റോഡ്രിഗസ് എന്നിവര്‍ക്കേറ്റ പരിക്ക് ടീമിന്റെ താളം തെറ്റിച്ചിരുന്നു. ഇതാണ് നേരത്തേതന്നെ മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡറെ ടീമിലെത്തിക്കാനുള്ള കാരണം.

ബെംഗളൂരു എഫ്.സി.യില്‍നിന്നാണ് 19-കാരന്‍ ഗോള്‍ കീപ്പര്‍ പ്രഭ്ശുഖന്‍ ഗില്ലിനെ കൊണ്ടുവരുന്നത്. ടീമില്‍ അവസരം ലഭിക്കാത്തതാണ് ഗില്ലിനെ ബ്ലാസ്റ്റേഴ്സിലേക്ക് വരാന്‍ പ്രേരിപ്പിച്ചത്.

ഇന്ത്യന്‍ ആരോസിന്റെ മുന്‍ താരം കൂടിയാണ്. ഇതിനുപുറമേ പരിചയസമ്പന്നനായ അല്‍ബിനോ ഗോമസിനെ ഒഡിഷ എഫ്.സി.യില്‍നിന്നാണ് സ്വന്തമാക്കുന്നത്. ഇത്തവണ ഗോള്‍ കീപ്പര്‍മാരുടെ കാര്യത്തിലും കേരള ടീമിന് പ്രതിസന്ധിയുണ്ടായിരുന്നു.

ഇന്ത്യന്‍ ആരോസ് സ്ട്രൈക്കര്‍ വിക്രം പ്രതാപ് സിങ്ങിനെ ടീമിലെടുക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിനുപുറമേ ഐ ലീഗ് ക്ലബ്ബ് മോഹന്‍ ബഗാന് വായ്പ അടിസ്ഥാനത്തില്‍ നല്‍കിയ മധ്യനിരതാരം നോങ്ഡാബ നാവോറെം തിരിച്ചെത്തിയേക്കും. നാവോറെം സീസണില്‍ മികച്ചഫോമിലാണ്.

Content Highlights: Kerala blasters to sign Tiri