കോഴിക്കോട്: കഴിഞ്ഞ സീസണില്‍ വിദേശതാരങ്ങളുടെ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ച മറികടക്കാന്‍ കൃത്യമായ പദ്ധതിയുമായി കേരള ബ്ലാസ്റ്റേഴ്സ്. സ്പാനിഷ് മധ്യനിരതാരം സെര്‍ജിയോ സിഡിഞ്ചോയെ കൂടി ടീമിലെത്തിച്ചതോടെ നിലവാരത്തില്‍ ഇത്തവണ വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് ടീം മാനേജ്മെന്റ് നല്‍കുന്നത്.

കഴിഞ്ഞ സീസണില്‍ ജംഷേദ്പുരിനായി കളിച്ച താരമാണ് സിഡിഞ്ചോ. 12 കളിയില്‍നിന്ന് മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമുണ്ട്. സിഡിഞ്ചോയ്ക്കു പുറമേ സ്പാനിഷ് താരം മരിയോ അര്‍ക്വിസ്, നൈജീരിയന്‍ താരം ബര്‍ത്തലോമ്യു ഒഗ്ബെച്ചെ എന്നിവരെയാണ് ടീമിലെത്തിച്ചത്. ഡല്‍ഹി ഡൈനാമോസിന്റെ ഡച്ച് പ്രതിരോധനിരക്കാരന്‍ ജിയാനി സുയ്വര്‍ലോണുമായി ധാരണയിലെത്തിയതായും വാര്‍ത്തകളുണ്ട്.

കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ടോപ് സ്‌കോററായിരുന്നു ഒഗ്ബെച്ചെ. 13 ഗോളാണ് താരം നേടിയത്. ജംഷേദ്പുരിനായി മധ്യനിരയില്‍ മികച്ച കളി പുറത്തെടുത്ത താരങ്ങളാണ് സിഡിഞ്ചോയും അര്‍ക്വിസും. സുയ്വര്‍ലോണ്‍ ഡല്‍ഹി പ്രതിരോധത്തില്‍ ഉറച്ചുനിന്നു പൊരുതിയ താരവും.

അത്ലറ്റിക്കോ ബി ടീമില്‍ കളിച്ചിട്ടുള്ള സിഡിഞ്ചോ സ്പാനിഷ് ക്ലബ്ബ് സരഗോസയിലും കളിച്ചിട്ടുണ്ട്. സുയ്വര്‍ലോണ്‍ ഡച്ച് വമ്പന്മാരായ ഫെയ്നൂര്‍ദില്‍ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന വിദേശതാരങ്ങളില്‍നിന്ന് ടീമിന് പ്രതീക്ഷിച്ച പ്രകടനം ലഭിച്ചിരുന്നില്ല. ടീമിന്റെ പ്രകടനം തുടര്‍ച്ചയായ രണ്ടാം സീസണിലും മോശമായി. ഇതോടെ അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്തേണ്ടത് ടീമിന്റെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്.

വിദേശതാരങ്ങള്‍ക്ക് പുറമേ മികച്ച യുവതാരങ്ങളെയും എത്തിക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ ആരോസില്‍നിന്ന് വിങ്ങര്‍ കെ.പി. രാഹുലിനെ കൊണ്ടുവന്ന ടീം ഗോകുലം കേരളയില്‍നിന്ന് മധ്യനിരതാരം അര്‍ജുന്‍ ജയരാജിനെ കൊണ്ടുവരുന്നുണ്ട്. ഇതിനൊപ്പം പരിചയസമ്പന്നരായ ഇന്ത്യന്‍ താരങ്ങളും വരുംദിവസങ്ങളില്‍ ടീമിലെത്തുമെന്നാണ് സൂചന.

കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സെമിഫൈനലിലെത്തിച്ച എല്‍കോ ഷെറ്റോരിയാണ് ടീമിന്റെ പുതിയ പരിശീലകന്‍.

Content Highlights:  Kerala Blasters signs Sergio Cidoncha from Jamshedpur FC