കൊച്ചി: ബ്രസീല്‍ ഫുട്‌ബോള്‍ താരം ജൈറോ റോഡ്രിഗസ് ഐ.എസ്.എല്ലിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. 190 സെന്റിമീറ്റര്‍ ഉയരമുള്ള ഇരുപത്തിയാറുകാരനായ ജൈറോ, ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009-ല്‍ ബ്രസീലിയന്‍ ക്ലബായ ഗോയസ് എസ്‌പോര്‍ടെയില്‍ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച ജൈറോ പിന്നീട് സാന്റോസ് എഫ്‌സി, അമേരിക്ക എഫ്‌സി, ബോട്ടേവ് വ്രാറ്റ്‌സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, മോന്റെ യമഗതാ, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്. 
 
'ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2019-20 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമായി അറിയപ്പെടുന്ന കെബിഎഫ്സിക്കായി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന സീസണില്‍ മികച്ച ഫലം നേടുന്നതിനായി ശക്തമായ ഒരു പ്രതിരോധ നിര കെട്ടിപ്പടുക്കുന്നതിന് പ്രീസീസണില്‍ എന്റെ ടീമംഗങ്ങളുമായി കഠിന പരിശീലനം നടത്തുക എന്നതാണ് എന്റെ ലക്ഷ്യം. കൂടാതെ ടീമിനായി എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പരിശ്രമിക്കും.' ജൈറോ വ്യക്തമാക്കി. ജൈറോ വരുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിന് കരുത്തേകുമെന്നും പ്രതിരോധ നിരയിലെ ബ്രസീലിയന്‍ മതിലായി ജൈറെ മാറുമെന്നും പരിശീലകന്‍ ഇല്‍ക്കോ ഷട്ടോരി ചൂണ്ടിക്കാട്ടി.

 നേരത്തെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഒരു ബ്രസീല്‍ താരം വരുന്നു എന്ന പ്രഖ്യാപനമുണ്ടായപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ നെയ്മറിനെ ട്രോളി നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പി.എസ്.ജി വിട്ട് നെയ്മര്‍ ബ്ലാസ്റ്റേഴ്‌സിലെത്തുകയാണെന്നായിരുന്നു ഈ ട്രോളുകളിലുണ്ടായിരുന്നത്. നെയ്മര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി പിടിച്ചുനില്‍ക്കുന്ന ചിത്രവും നെടുമ്പാശ്ശേരി വിമാത്താവളത്തില്‍ നില്‍ക്കുന്ന ചിത്രവുമെല്ലാം ഫോട്ടോഷോപ്പ് ചെയ്ത് നിരവധി സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നെയ്മറിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍

Neymar

Neymar

Content Highlights: Kerala Blasters sign centre back Jairo Rodrigues