കൊച്ചി: മുന്‍ സെര്‍ബിയന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തേക്ക്. 

വുകോമനോവിച്ചുമായി ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ച നടത്തിയതായി ഗോള്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തു. 

സ്പാനിഷ് പരിശീലകനായിരുന്ന കിബു വികുനയെ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന 10-ാമത്തെ വ്യക്തിയാണ് വുകോമനോവിച്ച്. 

സൈപ്രസ് ക്ലബ്ബായ അപ്പോല്ലോണ്‍ ലിമാസ്സോളില്‍ നിന്നാണ് വുകോമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നത്. 

2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ്ബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹ പരിശീലകനായിട്ടാണ് അദ്ദേഹം കോച്ചിങ് കരിയറിലേക്ക് വരുന്നത്. പിന്നീട് സ്ലൊവേക്യന്‍ ക്ലബായ സ്ലോവന്‍ ബ്രറ്റിസ്ലാവയെ പരിശീലിപ്പിച്ചു. 

അപ്പോല്ലോണ്‍ ലിമാസ്സോളിനെ പരിശീലിപ്പിക്കവെ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിലുള്ള ഫകുണ്ടോ പെരേര അദ്ദേഹത്തിനു കീഴില്‍ കളിച്ചിരുന്നു.

Content Highlights: Kerala Blasters set to sign Ivan Vukomanovic as head coach