കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി കിബു വികുനയെത്തുന്നു. ഡച്ച് പരിശീലകന്‍ എല്‍കോ ഷെട്ടോറിക്ക് പകരമാണ് സ്പാനിഷ് പരിശീലകനെ കൊണ്ടുവരുന്നത്. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഈ സീസണില്‍ മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് കിബു.

കഴിഞ്ഞ 32 വര്‍ഷമായി പരിശീലകരംഗത്തുള്ള കിബു സ്പാനിഷ് ക്ലബ്ബ് ഒസാസുനയുടെ സഹപരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസാണ് കിബുവിനെ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരുന്നതെന്നാണ് വിവരം. 

16-ാം വയസ്സിലാണ് കിബു ആദ്യമായി പരിശീലകന്റെ റോള്‍ ഏറ്റെടുത്തത്. സ്‌കൂളിലെ ജൂനിയര്‍ ടീമിനെ പരിശീലിപ്പിച്ചായിരുന്നു തുടക്കം. 25-ാം വയസ്സില്‍ ഒസാസുന യൂത്ത് ടീമിന്റെ പരിശീലകനായി. അഞ്ചു മാസം ലിത്വാനിയയിലെ ടീമിനെ പരിശീലിപ്പിച്ചിരുന്നു. ഈ സമയത്താണ് സികിന്‍കിസിനെ പരിചയപ്പെടുന്നത്. 

Kibu Vicuna
കിബുവിനൊപ്പം ഐ-ലീഗ് കിരീടം ആഘോഷിക്കുന്ന മോഹന്‍ ബഗാന്‍ താരങ്ങള്‍  ഫോട്ടോ: ട്വിറ്റര്‍/ഐ-ലീഗ് 

ബഗാനെ 36 കളിയില്‍ ഇറക്കിയതില്‍ 24 ജയവും അഞ്ച് സമനിലയും നേടി. ഏഴ് തോല്‍വിയാണുള്ളത്. അടുത്ത സീസണില്‍ ബഗാനും എ.ടി.കെ.യും ഒന്നാകുന്നതോടെ അന്റോണിയോ ഹെബാസാകും പരിശീലകസ്ഥാനത്ത്. നിലവില്‍ ഹെബാസ് എ.ടി.കെ.യുടെ പരിശീലകനാണ്.

ഐ.എസ്.എല്‍. ആറാം സീസണില്‍ ബ്ലാസ്റ്റേഴ്സ് ലീഗില്‍ ഏഴാം സ്ഥാനത്താണ്. ഇതാണ് നിലവിലെ പരിശീലകന്‍ ഷെട്ടോറിക്ക് തിരിച്ചടിയായത്. 18 മത്സരങ്ങളില്‍ നാലെണ്ണത്തിലാണ് ടീം ജയിച്ചത്.

Content Highlights: Kerala Blasters set to appoint Kibu Vicuna as coach