കോഴിക്കോട്: അടുത്ത സീസണിലേക്കുള്ള ടീമില്‍ രണ്ട് യുവതാരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടുത്തി. സന്തോഷ് ട്രോഫിയില്‍ കേരളത്തിനു കളിച്ച മധ്യനിരക്കാരായ ജിഷ്ണു ബാലകൃഷ്ണന്‍, സഹല്‍ അബ്ദുള്‍ സമദ് എന്നിവരുമായാണ് ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയത്. മൂന്നു വര്‍ഷമാണ് കരാര്‍ കാലാവധി.

ഗോകുലം എഫ്.സി.യില്‍നിന്നാണ് ജിഷ്ണു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമിലേക്കെത്തുന്നത്. സഹല്‍ കണ്ണൂര്‍ എസ്.എന്‍. കോളേജ് ടീമില്‍ അംഗമാണ്. സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്. കേരള പ്രീമിയര്‍ ലീഗിലും സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിലും ഗോകുലത്തിനായി മികച്ച പ്രകടനം നടത്താന്‍ ജീഷ്ണുവിനായിരുന്നു.

ഇത്തവണ കേരളത്തില്‍നിന്ന് കൂടുതല്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു. മറ്റൊരു സന്തോഷ് ട്രോഫി താരമായ മുഹമ്മദ് അസ്ഹറുദ്ദീനെയും ഗോകുലത്തിന്റെ തന്നെ അനന്തു മുരളിയെയും ടീമിലേക്ക് പരിഗണിച്ചിരുന്നു. ഇവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനുള്ള അവസരത്തിനൊപ്പം വിദേശത്ത് പരിശീലനത്തിനും യുവതാരങ്ങളെ ടീം അയക്കാന്‍ സാധ്യതയുണ്ട്. സ്പാനിഷ് ക്ലബ്ബുമായി ബ്ലാസ്റ്റേഴ്സ് ഇത്തരമൊരു ധാരണയിലെത്തിയിട്ടുണ്ട്. യുവതാരങ്ങളുമായി ടീമുകള്‍ക്ക് നേരിട്ട് കരാറിലെത്താമെന്ന ചട്ടം ഉപയോഗപ്പെടുത്തിയാണ് കേരള കളിക്കാരെ ടീമിലെത്തിച്ചത്. ഇതിനു പുറമേ അടുത്തസീസണില്‍ അണ്ടര്‍-21 താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നതും നീക്കത്തിനു പിന്നിലുണ്ട്.

മലപ്പുറം കാവുങ്ങല്‍ സ്വദേശിയായ ജിഷ്ണു വിങ്ങറായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന താരമാണ്. മലപ്പുറം അണ്ടര്‍-21 ടീമില്‍ കളിച്ചിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് കാവായ് സ്വദേശിയാണ് സഹല്‍. കണ്ണൂര്‍ ജില്ലാ ടീമില്‍ കളിച്ചിട്ടുണ്ട്. യു.എ.ഇ. അല്‍ ഇത്തിഹാദ് അക്കാദമിയിലാണ് കളി പഠിച്ചത്. കോളേജ് ടീമിലും കളിച്ചു.