കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലെ മത്സരങ്ങൾ കോഴിക്കോടും. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. പ്രദീപ് കുമാർ എം.എൽ.എ, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രതിനിധികൾ എന്നിവർ ചേർന്ന് കോഴിക്കോട് നടത്തിയ യോഗത്തിലാണ് തീരുമാനമായത്.

നിലവിൽ ഐ-ലീഗ് ക്ലബ്ബ് ഗോകുലം എഫ്.സിയുടെ ഹോം ഗ്രൗണ്ട് കൂടിയാണ് കോർപറേഷൻ സ്റ്റേഡിയം. അങ്ങനെയെങ്ങിൽ ഐ.എസ്.എൽ മത്സരങ്ങൾക്കും ഐ-ലീഗ് മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും.

സീസൺ തുടങ്ങുന്നതിന് മുമ്പ് ഗ്രൗണ്ട് നവീകരിച്ച് കൂടുതൽ ആകർഷകമാക്കും. ഇതിനായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്ന് മാർഗനിർദേശങ്ങൾ സ്വീകരിക്കും. ഗ്രൗണ്ടിൽ നിലവിലുള്ള ഫ്ളഡ്ലൈറ്റ് അപ്ഡേഷൻ, ഗ്രൗണ്ടിലും പവലിയനിലും സിസിടിവി, വൈഫ് സ്ഥാപിക്കുക, ഗ്രൗണ്ടിൽ മഴവെള്ളം ഒഴിഞ്ഞുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് അടുത്ത സീസൺ തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാക്കുക.

കൊച്ചി കലൂർ സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുടേയും കോർപ്പറേഷന്റേയും കെ.എഫ്.എയുടേയും നിസ്സഹകരണം കാരണം ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങൾ മൂലം കൊച്ചി വിടേണ്ടി വന്നാൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടിനെ ടീമിന്റെ ഉപഗ്രഹ നഗരമാക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കായി കോഴിക്കോട് ഒരുങ്ങുന്നത്.