കോഴിക്കോട്: അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ മലയാളി യുവതാരങ്ങള്‍ക്ക് കൂടുതലവസരം ലഭിച്ചേക്കും. ജിഷ്ണു ബാലകൃഷ്ണന്‍, അനന്തുമുരളി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്ക് ഇത്തവണ ടീമിലേക്കവസരം ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനുപുറമെ, സന്തോഷ് ട്രോഫിയിലും കേരള പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം നടത്തിയ താരങ്ങളും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പരിഗണനയിലുണ്ട്.

ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മറ്റ് ക്ലബ്ബുകളേക്കാള്‍ വളരെ നേരത്തെ ബ്ലാസ്റ്റേഴ്സ് കളിക്കാരെ കണ്ടെത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെഭാഗമായി ഗോവയില്‍നടന്ന സന്തോഷ് ട്രോഫിയിലെ കേരളതാരങ്ങളുടെ പ്രകടനം ക്ലബ്ബ് പ്രതിനിധികളെ അറിയിച്ചിരുന്നു. മധ്യനിരക്കാരായ ജിഷ്ണുവും അസ്ഹറുദ്ദീനും സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി മിന്നുന്നപ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ അണ്ടര്‍-23 ടീം ക്യാമ്പിലേക്കും ഇരുവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അനന്തുമുരളി കൗമാരതലംമുതല്‍ പ്രതിഭ തെളിയിച്ച താരവുമാണ്.

മലപ്പുറം കാവുങ്ങല്‍ സ്വദേശിയായ ജിഷ്ണു ഗോകുലം എഫ്.സി.ക്കായാണ് കളിക്കുന്നത്. ബ്ലാസ്റ്റേഴ്സുമായുള്ള പ്രഥമികചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഗോകുലവുമായി മൂന്നുവര്‍ഷത്തെ കരാറാണ് താരത്തിനുള്ളത്. ടീം മാനേജ്മെന്റ് അനുവദിച്ചാല്‍ ജിഷ്ണു ബ്ലാസ്റ്റേഴ്സിലെത്തും. മലപ്പുറം അരീക്കോട് സ്വദേശിയായ അസ്ഹറുദ്ദീന്‍ ടീമിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

തൃശ്ശൂര്‍ സ്വദേശിയായ അനന്തുമുരളി ഗോകുലം എഫ്.സി.യിലാണ് കളിക്കുന്നത്. നേരത്തേ ഡി.എസ്.കെ. ശിവാജ്യന്‍സിലും കളിച്ചിരുന്നു. 2014 ല്‍ ബയറണ്‍ മ്യൂണിക് ക്ലബ്ബിന്റെ ടാലന്റ് ഹണ്ടില്‍ കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട താരമാണ്. സന്തോഷ് ട്രോഫിയിലും കളിച്ചു. അനന്തുവിന്റെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് ഗോകുലവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ അണ്ടര്‍-21 കളിക്കാര്‍ക്ക് കൂടുതലവസരം നല്‍കണമെന്ന നിര്‍ദേശവും യുവകളിക്കാരുടെ എണ്ണംകൂട്ടാന്‍ ടീമിനെ നിര്‍ബന്ധിതമാക്കുന്നുണ്ട്. ഇതിനുപുറമെ, പുതിയ മാനേജ്മെന്റിനും കേരളത്തില്‍നിന്ന് കൂടുതല്‍ കളിക്കാരെ ടീമിലെടുക്കാന്‍ താത്പര്യമുണ്ട്. ടീമിലെത്തുന്ന യുവകളിക്കാര്‍ക്ക് വിദേശത്ത് പരിശീലനം നല്‍കുന്നതും ടീമിന്റെ പരിഗണനയിലുണ്ട്. സ്?പാനിഷ് ക്ലബ്ബുമായി ബ്ലാസ്റ്റേഴ്സ് സാങ്കേതിക സഹകരണത്തില്‍ ഉടന്‍തന്നെ ധാരണയിലെത്തും. ഇത് ടീമിലെത്തുന്ന കളിക്കാര്‍ക്ക് ഗുണംചെയ്യും.