മാഡ്രിഡ്: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പെയ്‌നില്‍ പരിശീലനം ആരംഭിച്ചു. സൂപ്പര്‍ താരങ്ങളായ ഇയാന്‍ ഹ്യൂം, ദിമിത്രി ബെര്‍ബറ്റോവ് എന്നിവര്‍ ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തു. 

മാര്‍ബെല്ല ഫുട്‌ബോള്‍ സെന്ററിലാണ് ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനം. ഇന്ത്യയിലെ കാലാവസ്ഥയോട് സാമ്യമുള്ളതാണ് മാര്‍ബെല്ല ടീം പരിശീലനത്തിനായി തിരഞ്ഞെടുത്തത്. അതേസമയം ഇന്ത്യന്‍ ടീമംഗങ്ങള്‍ സ്‌പെയ്‌നിലെത്തിയിട്ടില്ല. ദേശീയ ക്യാമ്പ് നടക്കുന്നതിനാലാണ് സി.കെ വിനീത്, സന്ദേശ് ജിങ്കന്‍, ജാക്കിചന്ദ് സിങ്ങ്, ലാല്‍റുവതാര എന്നിവര്‍ വിട്ടുനില്‍ക്കുന്നത്. 

മുഖ്യപരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. താരങ്ങളുടെ പരിശീലന ചിത്രങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.