കോഴിക്കോട് /കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ തന്നെ തുടരും. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് ഹോം ഗ്രൗണ്ട് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂർണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയിൽ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിരീകരിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് എപ്പോഴും ആരാധകരോട് വളരെയധികം ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കേരളമാകമാനമുള്ള ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ വീക്ഷിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുവാനും, അതിനോടൊപ്പം കേരളത്തിന്റെ മനസിലെ ഫുട്ബാൾ എന്ന വികാരത്തെ കൂടുതൽ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി സംസ്ഥാനത്തെ ഇത്തരത്തിൽ സൗകര്യങ്ങളുള്ള മൈതാനങ്ങൾ കണ്ടെത്താനും, അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുമുള്ള പരിശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തുടരുകതന്നെ ചെയ്യുമെന്നും ക്ലബ്ബ് അറിയിച്ചു.

കൂടാതെ കേരളത്തിൽ വളർന്നുവരുന്ന മികച്ച കഴിവുകളുള്ള കളിക്കാരെ 'പ്രൊഫെഷണൽ ഫുട്ബോളർമാരായി' വളർത്തിയെടുക്കുവാനും അവരെ അന്താരാഷ്ട്ര മത്സരങ്ങളുടെ തലത്തിലേക്ക് ഉയർത്തിയെടുക്കാനും പരിശ്രമിക്കുമെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.

കേരളത്തിലെ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഒരു പ്രത്യേക പ്രദേശത്തിന്റെ പേരിൽ മാത്രമല്ല കേരളത്തിന്റെ ക്ലബ്ബായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും ക്ലബ്ബ് കൂട്ടിച്ചേർത്തു.

Content Highlights: Kerala Blasters Home Ground Kochi Kaloor Stadium