കൊച്ചി: ഐ.എസ്.എൽ ഏഴാം സീസണിൽ 23-കാരനായ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. 2015-ൽ ഇന്ത്യ അണ്ടർ-19 ടീമിൽ അംഗമായിരുന്ന രോഹിത് 2013-ൽ ബി.സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിക്കുകയും ചെയ്തിട്ടുണ്ട്.

ഡൽഹിയിലെ ബൈചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂളിൽ കരിയർ ആരംഭിച്ച താരം പിന്നീട് ഡി.എസ്.കെ ശിവാജിയൻസ് എൽ.എഫ്.സി അക്കാദമിയിലേക്ക് കൂടുമാറി.

2016-ൽ ഡ്യൂറാൻഡ് കപ്പിനുള്ള സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ആ സീസണിൽ ഐ-ലീഗിലെ പ്രകടനം അദ്ദേഹത്തിന് പുണെ സിറ്റി എഫ്.സിയിലേക്ക് വഴിതെളിച്ചു. പുണെയ്ക്കായി രണ്ട് സീസണുകളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയ രോഹിത് ഐ.എസ്.എല്ലിന്റെ ആറാം സീസണിൽ ഹൈദരാബാദ് എഫ്സിയിലേക്ക് ചേക്കേറി.

ഹൈദരാബാദിനായി സെൻട്രൽ മിഡ്ഫീൽഡ് പൊസിഷനിൽ ഒമ്പത് മത്സരങ്ങൾ കളിച്ചു. ഒരു ഗോളും സ്വന്തമാക്കി. മിഡ്ഫീൽഡർ എന്ന നിലയിൽ രോഹിത് പുലർത്തുന്ന വിശ്വാസ്യതയും, സ്ഥിരതയുമാണ് ബ്ലാസ്റ്റേഴ്സിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് അടിസ്ഥാനം.

രോഹിത്തിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്സിൽ ചേരുന്നത് തന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നുവെന്ന് രോഹിത് പ്രതികരിച്ചു.

Content Highlights:Kerala Blasters FC signed midfielder Rohit Kumar Indian Super League