കൊച്ചി: കോവിഡിനെതിരായ പോരാട്ടത്തില്‍ കേരള സര്‍ക്കാരിന് പിന്തുണയുമായി വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 200 മില്ലിഗ്രാമിന്റെ 1,50,000 ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ കൂടി ക്ലബ്ബ് സര്‍ക്കാരിന് സംഭാവന ചെയ്തു. നേരത്തെ 1,00,000 ഗുളികള്‍ ബ്ലാസ്റ്റേഴ്‌സ് നല്‍കിയിരുന്നു.

ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് ഗുളികകള്‍ കേരള സര്‍ക്കാരിനു കൈമാറിയിരിക്കുന്നത്. സംസ്ഥാനത്തെ 25,000-ത്തോളം മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് സഹായകമാകും.

ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹജീവികളുടെ സുരക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാ മുന്‍നിര ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവര്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുമായി, ക്ലബ്ബിന്റെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പേജുകള്‍  വഴി കെബിഎഫ്‌സി 'സല്യൂട്ട്അവര്‍ഹീറോസ്' എന്ന പേരില്‍ ഒരു ക്യാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍  കേരളത്തിലെ മുന്‍നിര പ്രവര്‍ത്തകരുടെ സംഭാവനകളെ മാനിക്കുന്നതിനും ആദരിക്കുന്നതിനുമായി അവരുടെ ജീവിത അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു പ്രതിവാര കോളവും ആരംഭിച്ചു.

ഇവര്‍ക്ക് നന്ദിയറിയിക്കാന്‍ ആരാധകരെ അനുവദിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം ഫില്‍ട്ടറും ആരംഭിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ കെബിഎഫ്സി പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് മൂന്ന് ദശലക്ഷം ആരാധകരില്‍ എത്തിയെന്നത് ശ്രദ്ധേയമാണ്.

''ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ സമൂഹത്തിനായി എല്ലാവരെയും ഒരുമിപ്പിക്കുന്നതിനായി വര്‍ത്തിക്കുക എന്നതിലാണ് ഒരു ഫുട്ബോള്‍ ക്ലബിന്റെ സ്പിരിറ്റ് നിലനില്‍ക്കുന്നത്. ഇതുപോലുള്ള സമയങ്ങളില്‍, കളിക്കാരുടെ ട്രാന്‍സ്ഫര്‍, കരാറുകളുടെ ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയവയേക്കാള്‍  സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനാണ് ക്ലബ് പ്രാധാന്യം നല്‍കുന്നത്. 1.5 ലക്ഷം പ്രതിരോധ ഗുളികകള്‍ സംഭാവന ചെയ്യുക വഴി കെ.ബി.എഫ്.സി, ഫുട്ബോളിന് പുറമെ, കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരള സമൂഹത്തിനോടുള്ള അഭേദ്യമായ  പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു'' - കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.

Content Highlights: Kerala Blasters FC donates 1.5 lakh hydroxychloroquine sulfate tablets